കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, തങ്ങളുടെ 25-ാം വാർഷികത്തിന്റെ നിറവിൽ ‘ഓക്സിജൻ മഹാ പ്രതിഭ പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ , സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും, കേരള ജനത നൽകിയ പിന്തുണക്ക് നന്ദി പ്രകടിപ്പിക്കുന്നതിന്റെയും സൂചകമായിട്ടാണ് ഈ സിൽവർ ജൂബിലി വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നത്. സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ പ്രതിഭകളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തെ പുരസ്‌കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓക്സിജൻ മഹാ പ്രതിഭ പുരസ്‌കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുരസ്‌കാര ജേതാക്കൾ:
സാമൂഹ്യ സേവനം – ദയാബായി
കായികം – അഞ്ജു ബോബി ജോർജ്
സാഹിത്യം – കെ.ആർ. മീര
ശാസ്ത്ര സാങ്കേതിക മേഖല: ഡോക്ടർ. സാബു തോമസ്
സിനിമ – പ്രേം പ്രകാശ്
പുരസ്‌കാര ദാന ചടങ്ങ് 2025 ഡിസംബർ 18 വ്യാഴാഴ്ച വൈകുന്നേരം 5.30-ന് കൊച്ചി പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിൻ ഹോട്ടലിൽ വെച്ച് നടക്കും.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾക്ക് ഓക്സിജൻ ഗ്രൂപ്പ് നൽകുന്ന ഈ അംഗീകാരം, മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.


