തദ്ദേശതെരഞ്ഞെടുപ്പ്:ഏഴു ജില്ലകളിലും പോളിങ് 50% കടന്നു; വഞ്ചിയൂരിൽ സിപിഎം–ബിജെപി സംഘർഷം

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഉച്ചയ്ക്ക് 2.30 വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലുമുള്ള പോളിംഗ് 50 ശതമാനം കടന്നു. ആകെ 70 ലക്ഷം പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗം അറിയിച്ചു. 57.09 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി എറണാകുളം ജില്ലയാണ് മുന്നിൽ. 50 ശതമാനം മാത്രമുള്ള വോട്ടിംഗോടെ തിരുവനന്തപുരം ജില്ല പിന്നിലാണ്.കോർപ്പറേഷനുകളിലാകട്ടെ വോട്ടിംഗ് മന്ദഗതിയാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപ്പറേഷനുകളിലെ വോട്ടിങ് ഇതുവരെ 45 ശതമാനത്തിന് താഴെ മാത്രം. ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ – തിരുവനന്തപുരം 50.00, കൊല്ലം 54.03, പത്തനംതിട്ട 52.30, ആലപ്പുഴ 56.46, കോട്ടയം 54.22, ഇടുക്കി 52.84, എറണാകുളം 57.09. ആകെ പോളിംഗ് 53.87%.

Advertisements

വഞ്ചിയൂരിൽ സംഘർഷം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം–ബിജെപി പ്രവർത്തകരുകൾ തമ്മിൽ സംഘർഷം. രണ്ട് ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്ന ബിജെപി ആരോപണം വഴിയായിരുന്നു സംഘർഷം. ചോദ്യം ചെയ്തപ്പോൾ സിപിഎം പ്രവർത്തകർ ആക്രമിച്ചതായാണ് ബിജെപിയുടെ പരാതി. പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പ്

ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്നു കോർപ്പറേഷനുകൾ, 471 ഗ്രാമപഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 39 മുൻസിപ്പാലിറ്റികൾ എന്നിവയുൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെയാണ് തിരഞ്ഞടുക്കുന്നത്. സംസ്ഥാനത്ത് 15,432 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടർമാർ സ്ലിപ്പും തിരിച്ചറിയൽ രേഖയും കൈവശം കരുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 480 പ്രശ്‌നബാധിത ബൂത്തുകളും വ്യാപകമായ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ്

ജില്ലയിലെ 90 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 100 കോർപറേഷൻ വാർഡുകൾ, 4 മുൻസിപ്പാലിറ്റികൾ, 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, 73 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയാണ് വോട്ടെടുപ്പിന് വിധേയമാകുന്നത്. സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.ജില്ലയിൽ മൊത്തം 6,309 സ്ഥാനാർഥികൾ മത്സരിക്കുന്നു – 2,991 പുരുഷൻമാർ, 3,317 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ. നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് 51 സീറ്റുകളുള്ള എൽഡിഎഫ് ആണെന്നും 26 അംഗ ജില്ലാപഞ്ചായത്തിൽ 21 സീറ്റുമായി എൽഡിഎഫിനായിരുന്നു ഭരണം.ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല മുൻസിപ്പാലിറ്റികളും ഇടതുമുന്നണിക്കാണ് ഭരണം. നെയ്യാറ്റിൻകരയിൽ യുഡിഎഫിന് രണ്ട് സീറ്റിനും വർക്കലയിൽ എൻഡിഎയ്ക്ക് രണ്ട് സീറ്റിനുമാണ് കഴിഞ്ഞ തവണ ഭരണം നഷ്ടമായത്.

വടക്കൻ ജില്ലകളിലെ പ്രചാരണത്തിന് ഇന്ന് വിരാമം

തൃശൂർ മുതൽ കാസർഗോട് വരെയുള്ള ജില്ലകളിൽ വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഇന്ന് (ചൊവ്വ) പ്രചാരണത്തിന് സമാപനം കുറിക്കും. 39,013 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കണ്ണൂരിലെ 14 വാർഡുകളിലും കാസർകോടിലെ രണ്ടിടത്തും എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചതിനാൽ വോട്ടെടുപ്പില്ല. മട്ടന്നൂർ നഗരസഭയിൽ കാലാവധി ശേഷിക്കുന്നതിനാൽ ഇത്തവണ വോട്ടെടുപ്പില്ല. കഴിഞ്ഞ തവണ വടക്കൻ കേരളത്തിലും എൽഡിഎഫിനായിരുന്നു മേൽക്കൈ.

Hot Topics

Related Articles