കോട്ടയം: നഗരസഭയിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകളും സജീവമായി. യുഡിഎഫിൽ മുതിർന്ന നേതാക്കൾ നിരവധി പേരുണ്ടെങ്കിലും യുവ രക്തങ്ങൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. നിലവിൽ കോട്ടയം നഗരസഭയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.ടോം കോര അഞ്ചേരി, എസ്.ഗോപകുമാർ എന്നിവരുടെ പേരുകളും ഇതിനോടകം തന്നെ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള ചർച്ചകളിൽ സജീവമായി എത്തിയിട്ടുണ്ട്.
നിലവിൽ 31 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും ഒരു വാർഡിൽ യുഡിഎഫ് സ്വതന്ത്രനുമാണ് വിജയിച്ചിരിക്കുന്നത്. സ്വാഭാവികമായും യുഡിഎഫ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുക മുൻ നഗരസഭ ചെയർമാൻ എം.പി സന്തോഷ്കുമാറിനെയും, അത് പോലെ തന്നെ മുതിർന്ന നഗരസഭ അംഗം ടി.സി റോയിയെയും അടക്കമുള്ളവരെയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ 39 ആം വാർഡ് ഇല്ലിക്കലിൽ നിന്നുമാണ് മുൻ നഗരസഭ അധ്യക്ഷൻ കൂടിയായ എം.പി സന്തോഷ് കുമാർ വിജയിച്ചു വന്നിരിക്കുന്നത്. 509 വോട്ടിന്റെ ലീഡ് നേടിയാണ് എം.പി സന്തോഷ് കുമാർ ഇല്ലിക്കലിൽ നിന്നും വിജയിച്ചെത്തിയത്. 138 വോട്ടിന്റെ ലീഡിൽ 11 ആം വാർഡ് നാഗമ്പടം നോർത്തിൽ നിന്നും വിജയിച്ച് എത്തിയ ടി.സി റോയിയും ചെയർമാൻ സ്ഥാനത്തിന് അവകാശ വാദം ഉന്നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, യുവ രക്തങ്ങൾക്ക് പരിഗണന നൽകണമെന്ന ആവശ്യം ഇതിനോടകം തന്നെ കോട്ടയം നഗരസഭയിൽ ശക്തമായിട്ടുണ്ട്. ഈ പരിഗണിയുടെ ഭാഗമായാണ് കോട്ടയം നഗരസഭ 43 ആം വാർഡ് പുത്തനങ്ങാടിയിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.ടോം കോര അഞ്ചേരിയുടെ പേര് പരിഗണിക്കുന്നത്. കഴിഞ്ഞ തവണയും ശക്തമായ പോരാട്ടം കാഴ്ച വച്ച് വിജയിച്ചു വന്ന ടോം വാർഡിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ കരുത്തനായ സി.എൻ സത്യനേശനെയാണ് ടോം അട്ടിമറിച്ചത്. ഇക്കുറിയാകട്ടെ 43 ആം വാർഡിൽ നിന്നും സിപിഎമ്മിന്റെ മുതിർന്ന നേതാവ് സച്ചിതാനന്ദ നായിക്കിനെയാണ് 511 വോട്ടുകൾക്ക് പിന്നിലാക്കി ടോം വിജയിച്ച് കയറിയത്.
സേഫായ വാർഡിൽ, സേഫായ സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചു വിജയിച്ചു വരുന്നവരെയല്ല, മികച്ച പോരാട്ടത്തിലൂടെ കോൺഗ്രസ് പാർട്ടിയ്ക്കു കരുത്ത് പകരുന്നവരെയാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടതെന്ന നിലപാടാണ് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം ഉയർത്തുന്നത്. അതുകൊണ്ടു തന്നെ ടോം കോരയെ പോലെയുള്ള യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും ഇവർ വാദിക്കുന്നു.
കഴിഞ്ഞ തവണ പാർട്ടി നിർദേശം അനുസരിച്ചു മത്സരിക്കാതെ മാറി നിന്ന എസ്.ഗോപകുമാറിന്റെ പേരാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന മറ്റു പേരുകളിൽ ഒന്ന്. മികച്ച മത്സരത്തിനൊടുവിലാണ് കോട്ടയം നഗരമധ്യത്തിൽ തന്നെയുള്ള നഗരസഭയിലെ 20 ആം വാർഡിൽ എസ്.ഗോപകുമാർ വിജയിച്ചു കയറിയത്. ഈ വിജയം കൊണ്ടു തന്നെ നഗരമധ്യത്തിൽ നിന്നു നഗരസഭയ്ക്കൊരു ചെയർമാൻ വേണമെന്ന ആഗ്രഹവും കോൺഗ്രസിന്റെ പ്രവർത്തകർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഏതായാലും ചർച്ചകൾ സജീവമായതോടെ നഗരസഭയുടെ പിതാവ് ആരാകുമെന്നറിയാനാണ് ഇനി ആകാംഷ..!


