എറണാകുളം:ഭർത്താവിനെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിക്കുന്ന സിഐയുടെ ദൃശ്യങ്ങൾ പുറത്ത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്.2024 ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
പൊതുസ്ഥലത്ത് പൊലീസ് രണ്ട് പേരെ മർദിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ പേരിൽ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഭർത്താവിനെ കുറിച്ച് അന്വേഷിക്കാനായി സ്റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രൻ മർദിച്ചതായാണ് ആരോപണം. യുവതിയുടെ മുഖത്തടിക്കുന്നതും നെഞ്ചിൽ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസമയത്ത് യുവതി ഗർഭിണിയായിരുന്നു.ഇതിനെതിരെ യുവതിയും കുടുംബവും പരാതി നൽകിയെങ്കിലും പൊലീസ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചുവെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കൂടാതെ, പരാതിക്കാരി പൊലീസുകാരെ മർദിച്ചുവെന്ന ആരോപണവും ഉദ്യോഗസ്ഥർ ഉന്നയിച്ചിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയുണ്ടായില്ല. ഇതോടെയാണ് യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.
ഗർഭിണിയായിരുന്ന തന്നെ പൊലീസ് സംഘം ചേർന്ന് മർദിച്ചെന്നും, സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.


