നടിയെ ആക്രമിച്ച കേസ്;പണി കൊടുത്തത് ആരെന്ന് അറിയാം,സുപ്രീം കോടതിയിൽ ചില പേരുകൾ എഴുതിക്കൊടുത്തിട്ടുണ്ട്’; രാഹുൽ ഈശ്വർ

കൊച്ചി:ജയിൽ മോചിതനായതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് രാഹുൽ ഈശ്വർ വീണ്ടും രംഗത്തെത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കുറ്റകൃത്യങ്ങൾക്കു ദിലീപുമായി എന്ത് ബന്ധമാണുള്ളതെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.പൾസർ സുനി മുൻപ് നടത്തിയ നിരവധി കുറ്റകൃത്യങ്ങൾ ദിലീപ് കൊട്ടേഷൻ നൽകിയാണോ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. മറ്റ് ചില പ്രമുഖർക്കെതിരെയും പൾസർ സുനി ആക്രമണം നടത്തിയിട്ടുണ്ടെന്നും അതെല്ലാം ദിലീപിന്റെ പേരിൽ ആരോപിക്കാനാകുമോയെന്നും രാഹുൽ ഈശ്വർ വിമർശിച്ചു.

Advertisements

ദിലീപിന് ‘പണി കൊടുത്തത് ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും’, ദിലീപ് തന്നെ സുപ്രീം കോടതിയിൽ ചില പേരുകൾ എഴുതിക്കൊടുത്തിട്ടുണ്ടെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.പൾസർ സുനിയും ദിലീപും ഒരുമിച്ചുള്ളതായി പ്രചരിച്ച ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും, അന്നത്തെ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തന്നെ ഇത്തരം ഫോട്ടോഷോപ്പിംഗ് നടത്തിയാൽ കാര്യങ്ങൾ എവിടെ എത്തിച്ചേരുമെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.എട്ട് വർഷത്തോളം ദിലീപിനെയും കുടുംബത്തെയും വേട്ടയാടിയ ശേഷം വനിതാ ജഡ്ജിക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നിട്ടും, പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ നിരവധി പേർ മൊഴി മാറ്റിയെന്ന ആരോപണത്തെയും രാഹുൽ ഈശ്വർ ചോദ്യം ചെയ്തു. കാവ്യ മാധവൻ, സിദ്ധിഖ് ഉൾപ്പെടെയുള്ളവർ മൊഴി മാറ്റിയെന്നാണ് പൊലീസ് പറയുന്നതെന്നും, ഇവർ ആദ്യം ദിലീപിനെതിരെ മൊഴി നൽകുമെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ചില മൊഴികൾ എഴുതി വാങ്ങി പിന്നീട് ‘മൊഴി മാറ്റി’ എന്ന ആരോപണം ഉന്നയിക്കുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

കാവ്യ മാധവൻ ദിലീപുമായി ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയെന്നും, കാവ്യയുടെ അമ്മയെ മഞ്ജു വാര്യർ വിളിച്ചെന്നുമുള്ള ആരോപണങ്ങളും മൊഴികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. 26 പേർ മൊഴി മാറ്റിയെന്ന് പറഞ്ഞ് പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ദിലീപിന് ഒരു ‘മോട്ടീവ്’ ഉണ്ടെന്ന് തെളിയിക്കാനാണ് അന്വേഷണ സംഘം പ്രധാനമായും ശ്രമിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

Hot Topics

Related Articles