പാലക്കാട്‌ ക്രിസ്മസ് കാരോൾ സംഘത്തെ ആക്രമിക്കാൻ ശ്രമം;ബാൻഡ് തല്ലിത്തകർത്ത യുവാവ് പിടിയിൽ

പാലക്കാട്‌:പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സുരഭി നഗറിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജ് (24)നെയാണ് പൊലീസ് പിടികൂടിയത്.ഞായറാഴ്ച രാത്രി 14 സ്കൂൾ വിദ്യാർഥികൾ അടങ്ങിയ ക്രിസ്മസ് കരോൾ സംഘം പ്രദേശത്ത് ഗാനാലാപനം നടത്തുന്നതിനിടെയാണ് സംഭവം. മൂന്ന് അംഗ സംഘമാണ് കുട്ടികളെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ പ്രദേശത്ത് കരോൾ സംഘം വരരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.ഇതിനിടയിൽ പ്രതിയായ അശ്വിൻ രാജ് ചില കുട്ടികളെ മർദിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന ബാൻഡ് സെറ്റും മറ്റ് വാദ്യോപകരണങ്ങളും തല്ലിത്തകർക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisements

ആക്രമണത്തിൽ കുട്ടികൾ ഭീതിയിലായതോടെ അവർ ഉടൻ തന്നെ പുതുശ്ശേരിയിലെ സിപിഎം പ്രവർത്തകരെ വിവരമറിയിക്കുകയും, തുടർന്ന് അവരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വിൻ രാജിനെതിരെ വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥരായ കസബ പൊലീസ് ഇൻസ്പെക്ടർ എം. സുജിത്തും എസ്.ഐ. എച്ച്. ഹർഷാദും അറിയിച്ചു. കുട്ടികളെ മർദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലും പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്. ഇത് സ്ഥിരീകരിച്ചാൽ കൂടുതൽ വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, അറസ്റ്റിലായ അശ്വിൻ രാജിന് ആർഎസ്എസുമായോ ബിജെപിയുമായോ യാതൊരു ബന്ധവും ഇല്ലെന്നും, മദ്യലഹരിയിലുണ്ടായ വ്യക്തിഗത ആക്രമണമാണിതെന്നും ബിജെപി പ്രാദേശിക നേതൃത്വം പ്രതികരിച്ചു. അശ്വിൻ രാജ് മുമ്പ് അടിപിടി കേസ് ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണെന്നും പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.

Hot Topics

Related Articles