വാളയാർ ആൾക്കൂട്ടക്കൊല: രണ്ടുപേർ കൂടി പിടിയിൽ; 8 പേർ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

പാലക്കാട്‌:പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കെ, രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിലായി. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) പിടികൂടിയത്. ഇതോടെ കേസിൽ ഇതുവരെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി.ആക്രമണത്തിൽ നേരിട്ട് പങ്കാളികളായെന്ന് സംശയിക്കുന്ന ബാക്കിയുള്ള എട്ട് പേർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ കൂടുതൽ പ്രതികളെ തിരിച്ചറിയാനും പിടികൂടാനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിൽ പൊലീസിനെതിരെ വിമർശനങ്ങൾ ശക്തമാണ്.

Advertisements

ഇതിനിടെ, ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട 41 കാരനായ രാം നാരായണന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. കടുത്ത മർദനമേൽക്കുന്നതിന് ആറു ദിവസം മുൻപാണ് രാം നാരായണൻ പാലക്കാട്ടെത്തിയത്. സംഭവത്തിനു പിന്നാലെ കുടുംബം ആറു ദിവസത്തോളം കേരളത്തിൽ തുടരുകയായിരുന്നു.സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്ന മന്ത്രി കെ. രാജന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കുടുംബം സമ്മതമറിയിച്ചത്. എന്നാൽ, കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായത്തിന്റെ തുക സംബന്ധിച്ച് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ കുടുംബത്തിന് ആശ്വാസമായിരിക്കുന്നത് ഛത്തീസ്ഗഡ് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ്.അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങളും ശക്തമാകുകയാണ്. സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പ്രതികളെ ഉടൻ കണ്ടെത്തുന്നതിലും പൊലീസ് പരാജയപ്പെട്ടുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ, ദലിത് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടതെങ്കിലും കേസിൽ എസ്‌സി–എസ്‌ടി പീഡനനിരോധന നിയമവും ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉൾപ്പെടുത്താത്തതിനെതിരെയും പ്രതിഷേധമുണ്ട്.സംഭവം കേരളത്തിൽ വലിയ സാമൂഹിക–രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, കേസിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Hot Topics

Related Articles