തദ്ദേശത്തിലെ തിരിച്ചടി മറികടക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ശക്തമാക്കി സിപിഎം;മൂന്നാമൂഴത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ;രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ സാധ്യത

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ 2026 നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പാർട്ടി സംവിധാനങ്ങളെ പുനഃസംഘടിപ്പിക്കാൻ സിപിഎം നീക്കങ്ങൾ ശക്തമാക്കുന്നു. മൂന്നാമൂഴം ലക്ഷ്യമിടുന്ന ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കണമെന്നതാണ് പാർട്ടിക്കുള്ളിലെ പൊതുവായ ധാരണ. എന്നാൽ പിണറായി വിജയൻ നേരിട്ട് മത്സരിക്കുമോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ മാത്രം പിടിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.പിണറായി വിജയൻ മത്സര രംഗത്തില്ലെന്ന സാഹചര്യം വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ മുന്നോട്ടുവയ്ക്കുമെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. അതേസമയം, വിജയസാധ്യത ഉയർത്തുന്നതിനായി ജനപ്രീതി ഉള്ള നേതാക്കളെ വീണ്ടും മത്സരിപ്പിക്കണമെന്ന നിലപാടിലേക്കാണ് പാർട്ടി നീങ്ങുന്നത്.

Advertisements

രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ തത്വപരമായ ധാരണ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കർശനമായി നടപ്പാക്കിയ രണ്ട് ടേം വ്യവസ്ഥ ഇത്തവണ ഒഴിവാക്കാൻ സിപിഎമ്മിൽ തത്വപരമായ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം നേടിയ 62 സീറ്റുകളിൽ 23 എണ്ണം രണ്ടാം തവണ മത്സരിച്ച എംഎൽഎമാർ നേടിയതായിരുന്നു. രണ്ട് ടേം വ്യവസ്ഥ തുടർന്നാൽ ഈ സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. ഇതാണ് വ്യവസ്ഥ ഒഴിവാക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.ഈ തീരുമാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ, മന്ത്രിമാരായ വീണാ ജോർജ്, ഒ ആർ കേളു എന്നിവർക്കെല്ലാം മൂന്നാമൂഴത്തിന് വഴിയൊരുങ്ങും. 2021ൽ രണ്ട് ടേം വ്യവസ്ഥ കാരണം മത്സരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട തോമസ് ഐസക്ക് അടക്കമുള്ള നേതാക്കളെയും 2026ൽ വീണ്ടും പരിഗണിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്.

ജില്ലകളിൽ സ്ഥാനാർത്ഥി സാധ്യതകൾ

തിരുവനന്തപുരം ജില്ലയിൽ, രണ്ട് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാരിൽ വർക്കല എംഎൽഎയും ജില്ലാ സെക്രട്ടറിയുമായ വി ജോയിയെ ഒഴികെ മറ്റുള്ളവർക്കെല്ലാം വീണ്ടും അവസരം ലഭിക്കാൻ സാധ്യതയുണ്ട്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്, പാറശാലയിൽ സി കെ ഹരീന്ദ്രൻ, വാമനപുരത്ത് ഡി കെ മുരളി, നെയ്യാറ്റിൻകരയിൽ കെ ആൻസലൻ എന്നിവർ വീണ്ടും മത്സരിച്ചേക്കും.കൊല്ലത്ത്, രണ്ട് ടേം പൂർത്തിയാക്കിയ മുകേഷിന് വീണ്ടും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ ഇരവിപുരത്ത് എം നൗഷാദിന് മൂന്നാം ഊഴം ലഭിച്ചേക്കും.

പത്തനംതിട്ട ജില്ലയിൽ, ആറന്മുളയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൂന്നാമൂഴം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കോന്നിയിൽ കെ യു ജനീഷ് കുമാറിനും വീണ്ടും അവസരം ലഭിക്കുമെന്നാണ് സൂചന.ആലപ്പുഴയിൽ, ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ വീണ്ടും മത്സരിക്കുമെന്നാണ് വിവരം. എന്നാൽ കായംകുളത്ത് രണ്ട് ടേം പൂർത്തിയാക്കിയ പ്രതിഭ ഹരിക്ക് മൂന്നാമൂഴം ലഭിക്കാനുള്ള സാധ്യത കുറവാണ്.ഇടുക്കിയിൽ, മുൻ മന്ത്രി എം എം മണിയുടെ ആരോഗ്യ പ്രശ്നങ്ങൾ മൂന്നാമൂഴത്തിന് തടസ്സമായേക്കും.

എറണാകുളം ജില്ലയിൽ, കോതമംഗലത്ത് ആന്റണി ജോണും കൊച്ചിയിൽ കെ ജെ മാക്സിയും വീണ്ടും മത്സരിക്കും.തൃശ്ശൂർ ജില്ലയിൽ, മണലൂരിൽ മുരളി പെരുനെല്ലി, പാലക്കാട് നെന്മാറയിൽ കെ ബാബു, ആലത്തൂരിൽ കെ ഡി പ്രസന്നൻ എന്നിവർക്ക് മൂന്നാമൂഴം ലഭിച്ചേക്കും.മലപ്പുറം തവനൂരിൽ, കെ ടി ജലീലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അദ്ദേഹത്തിനുതന്നെ വിട്ടേക്കാനാണ് സാധ്യത.കോഴിക്കോട് പേരാമ്പ്രയിൽ, ടി പി രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും പാർട്ടി അന്തിമ തീരുമാനം എടുക്കുക.

വയനാട്ടിൽ, സിപിഎമ്മിന്റെ ഏക സിറ്റിംഗ് സീറ്റായ മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവിന് വീണ്ടും അവസരം ഉറപ്പാണ്.കണ്ണൂരിൽ, ധർമടത്ത് പിണറായി വിജയൻ, മട്ടന്നൂരിൽ കെ കെ ശൈലജ, തലശ്ശേരിയിൽ എ എൻ ഷംസീർ എന്നിവർ മൂന്നാം ഊഴത്തിനായി പരിഗണനയിലാണ്. പിണറായി വിജയൻ മത്സരിക്കില്ലെന്ന് തീരുമാനിച്ചാൽ മാത്രമേ ധർമടത്ത് മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി പരിഗണിക്കൂ.കാസർകോട് തൃക്കരിപ്പൂരിൽ, എം രാജഗോപാൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ മൂന്നാമൂഴം നൽകില്ലെന്നതും വ്യക്തമായിട്ടുണ്ട്.

Hot Topics

Related Articles