തൃശ്ശൂർ:തൃശ്ശൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.മേയർ പദവി പണം വാങ്ങി വിറ്റുവെന്ന ആരോപണമാണ് ലാലി ജെയിംസ് ഉയർത്തിയത്. തൃശ്ശൂർ ഡിസിസി പ്രസിഡന്റിനെയും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെയും ലക്ഷ്യമിട്ടായിരുന്നു ആരോപണങ്ങൾ. യുഡിഎഫ് മേയർ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ജെയിംസ് ആരോപണം ഉന്നയിച്ചിരുന്നു.വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ആരോപണങ്ങൾ. പണപ്പെട്ടിയുമായി ചില നേതാക്കളെ പോയി കണ്ടുവെന്നും, പണം നൽകാൻ കഴിയാത്തതിനാലാണ് തന്നെ മേയർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയതെന്നും ലാലി ജെയിംസ് പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് മേയർ പദവിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു.കോൺഗ്രസ് വിജയിച്ച കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആവശ്യപ്പെട്ടതെന്നും, എന്നാൽ മേയർ പദവി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ജില്ലയിലെ മുതിർന്ന നേതാവിനെ കാണാനായത് എന്നും ലാലി ജെയിംസ് പറഞ്ഞു. അപ്പോഴാണ് പണം വാങ്ങിയുള്ള ഇടപാടുകളുടെ വിവരം അറിയാൻ കഴിഞ്ഞതെന്നും അവർ വ്യക്തമാക്കി.ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. വിഷയത്തിൽ പാർട്ടി തലത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്നത് കാത്തിരിക്കുകയാണ്.


