പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്ന് അന്വേഷണസംഘവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.എസ്ഐടി ഓഫീസിന് പുറത്തുവച്ചായിരുന്നു എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ, മുൻ ദേവസ്വം മന്ത്രി എന്ന നിലയിൽ ചോദ്യങ്ങൾ ഉയർന്നുവെന്നും അറിയാവുന്ന കാര്യങ്ങൾ എല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തതാണ് വിവരം.
ഇതിനിടെ, അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൂടുതൽ കുരുക്കുണ്ടാക്കുന്ന തരത്തിലുള്ള മൊഴിയാണ് അന്നത്തെ ദേവസ്വം ബോർഡ് അംഗമായ എൻ. വിജയകുമാർ നൽകിയത്. താൻ നിരപരാധിയാണെന്നും, എല്ലാം ‘സഖാവ് പറഞ്ഞിട്ടാണ്’ ചെയ്തതെന്നും വിജയകുമാർ എസ്ഐടിയോട് പറഞ്ഞു.സ്വർണപ്പാളി മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ബോർഡിൽ അവതരിപ്പിച്ചത് പത്മകുമാറാണെന്നും, പ്രധാന തീരുമാനങ്ങളെല്ലാം പ്രസിഡന്റ് നിർദേശിച്ച പ്രകാരമായിരുന്നുവെന്നും വിജയകുമാർ മൊഴിയിൽ പറഞ്ഞു. രേഖകൾ വായിക്കാതെ ഒപ്പിട്ടതായും പ്രശ്നമുണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും വിജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. മാനസിക സമ്മർദം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും, ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് എസ്ഐടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.പത്മകുമാറും വിജയകുമാറും അറസ്റ്റിലായ പശ്ചാത്തലത്തിൽ, അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.പി. ശങ്കർദാസിനെ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കർദാസിന്റെ നീക്കം എസ്ഐടി നിരീക്ഷിച്ചുവരികയാണ്.വിജയകുമാറിനെ ജനുവരി 12 വരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ടെങ്കിലും, നൽകിയ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും. അതേസമയം, പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടി ജാമ്യാപേക്ഷയിൽ ഏഴാം തീയതി വിധി പറയും.അന്വേഷണത്തിൽ, പത്മകുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ഗുരുതര വീഴ്ചകൾ വരുത്തിയതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അനാവശ്യമായി സഹായിക്കാനായി ദേവസ്വം മാന്വൽ തന്നെ തിരുത്തിയതായും, മിനിറ്റ്സിൽ കൃത്രിമ മാറ്റങ്ങൾ വരുത്തിയതും പുതിയ ഉത്തരവുകൾ ചേർത്തതുമടക്കമുള്ള നിയമലംഘനങ്ങൾ ബോർഡ് അംഗങ്ങളുടെ അറിവോടെയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. വൻതുക ലാഭവും വ്യക്തിപരമായ നേട്ടങ്ങളും ലക്ഷ്യമിട്ടാണ് നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നതെന്നും, ഈ കാര്യങ്ങൾ പത്മകുമാർ സമ്മതിച്ചിട്ടുണ്ടെന്നും എസ്ഐടി അറിയിച്ചു.ഇതിനിടെ, ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കമായി ഡിണ്ടിഗലിലെ വ്യവസായി ഡി. മണിയെയും സുഹൃത്ത് ബാലമുരുകനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. എഡിജിപി എച്ച്. വെങ്കടേഷ് നേരിട്ടെത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. ബാലമുരുകന്റെ ഭാര്യയും എസ്ഐടി ഓഫീസിൽ എത്തിയിട്ടുണ്ട്.
ഡിണ്ടിഗലിൽ നേരത്തെ എടുത്ത മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമായിരുന്നു മണിയുടെ നിലപാട്. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ എസ്ഐടി തയ്യാറായില്ല. ഇതേത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഡി. മണി തിരുവനന്തപുരത്ത് എത്തിയതും പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലാണ്.ഡി. മണി ഉൾപ്പെട്ട സംഘം പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കടത്തിയെന്നും, തിരുവനന്തപുരത്ത് വച്ചാണ് പണം കൈമാറിയതെന്നും പ്രവാസി വ്യവസായി എസ്ഐടിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരാവസ്തു കടത്തിലേക്ക് കൂടി കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. അന്വേഷണം ആരംഭിച്ച് ഇത്രനാൾ കഴിഞ്ഞിട്ടും മോഷണ മുതലുകൾ കണ്ടെത്താൻ കഴിയാത്തത് എസ്ഐടിയെ കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്.


