തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംഘടിത ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. അന്വേഷണ സംഘത്തിൽ സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ ഉൾപ്പെടുത്തിയതിലൂടെ എസ്ഐടിയുടെ വിശ്വാസ്യത തകർക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനുമാണ് ഈ നിയമനത്തിന് പിന്നിലെന്നും സതീശൻ ആരോപിച്ചു. എസ്ഐടിയിൽ നുഴഞ്ഞ് കയറാനും അന്വേഷണ വിവരങ്ങൾ സർക്കാരിലേക്ക് ചോർത്ത് നൽകാനും ശ്രമം നടക്കുകയാണെന്നും, ഇതിലൂടെ അന്വേഷണത്തെ നിർവീര്യമാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ എസ്ഐടിയെ സംരക്ഷിക്കാൻ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ഉന്നതരിലേക്ക് എത്തണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണു കാരണമെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യൽ ബോധപൂർവ്വം വൈകിപ്പിച്ചുവെന്നും അടൂർ പ്രകാശ് പറഞ്ഞു.ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതെന്നും, ഒരു ഫോട്ടോയുടെ പേരിലല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടകംപള്ളിയെ വളരെ നേരത്തേ തന്നെ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി അന്വേഷണത്തെ എതിർക്കുന്നില്ലെങ്കിലും, ബാഹ്യ ഇടപെടലുകളില്ലാതെ അന്വേഷണം സുതാര്യമായും കൃത്യമായും നടക്കണമെന്നും യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.


