റേഷൻ അരിയിൽ പുഴുക്കൾ;സൗജന്യ റേഷൻ അരിയിൽ പുഴു കണ്ടെത്തി;അരൂരിൽ ഉപഭോക്താക്കൾ പ്രതിഷേധത്തോടെ മടങ്ങി

അരൂർ:റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളും മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് അരൂർ തുറവൂർ പ്രദേശങ്ങളിലെ റേഷൻ കടകളിൽ പ്രതിഷേധം. അരി വാങ്ങാനെത്തിയ ഉപഭോക്താക്കൾ പുഴുക്കൾ കണ്ടതോടെ അരി സ്വീകരിക്കാതെ പ്രതിഷേധത്തോടെ മടങ്ങി.അരൂർ–തുറവൂർ മേഖലകളിലെ എട്ട് റേഷൻ കടകളിലേക്കാണ് പുഴുക്കൾ നിറഞ്ഞ അരി എത്തിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനായി കൊണ്ടുവന്ന അരിയിലാണ് പുഴുക്കളും മാലിന്യങ്ങളും കണ്ടെത്തിയത്. ഇത് ആദ്യമായല്ലെന്നും ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Advertisements

എഴുപുന്ന കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി വാങ്ങാനെത്തിയവരാണ് ഏറ്റവും ശക്തമായി പ്രതിഷേധിച്ചത്.മിക്ക ചാക്കുകളും മുഴുവനായി കട്ടപിടിച്ച നിലയിലായിരുന്നുവെന്നും അതിൽ നിറയെ പുഴുക്കളുണ്ടായിരുന്നുവെന്നും ഉപഭോക്താക്കൾ പറഞ്ഞു.ഡിസംബർ അവസാന ആഴ്ചയിലാണ് തുറവൂരിലും എഴുപുന്നയിലുമുള്ള ഗോഡൗണുകളിൽ നിന്ന് മാലിന്യം നിറഞ്ഞ അരി റേഷൻ കടകളിലെത്തിച്ചതെന്നും ആരോപണമുണ്ട്.ഇതിനിടെ സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 58,487 മഞ്ഞ (AAY) കാർഡുകളും 5,45,358 പിങ്ക് (PHH) കാർഡുകളും ഉൾപ്പെടെ ആകെ 6,03,845 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി.റേഷൻ മസ്റ്ററിങ് പൂർത്തിയായതോടെ മുൻഗണനാ കാർഡിൽ നിന്ന് ഏകദേശം ഒരു ലക്ഷം കുടുംബങ്ങൾ ഒഴിവായി.ഇവരിൽ അർഹതയുള്ള 56,932 എസ്‌സി വിഭാഗക്കാർക്കും 2,046 എസ്‌ടി വിഭാഗക്കാർക്കും ശേഷിക്കുന്നവർ പൊതുവിഭാഗത്തിൽ നിന്നുമുള്ള അർഹരായവർക്കും മുൻഗണനാ കാർഡ് നൽകുമെന്ന് മന്ത്രി അറിയിച്ചു.ഇതിനായി ഈ മാസം 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം.നിലവിൽ ലഭിച്ച 39,682 അപേക്ഷകളിൽ അർഹരായവർക്ക് 15ന് മുമ്പ് പിങ്ക് കാർഡ് നൽകും.

കേന്ദ്ര സർക്കാർ സാർവത്രിക റേഷൻ സംവിധാനം നിർത്തലാക്കിയതോടെ കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനം വരുന്ന മുൻഗണനാ കാർഡുടമകൾക്ക് മാത്രമാണ് ഇപ്പോൾ റേഷൻ ലഭിക്കുന്നത്.സംസ്ഥാനത്ത് 152 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളാക്കി മാറ്റുമെന്നും മാർച്ചിന് മുമ്പ് 2,500 കെ-സ്റ്റോർ എന്ന ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം വെള്ള, നീല കാർഡുകൾക്ക് ഓരോ കുടുംബത്തിനും രണ്ട് കിലോ വീതം ആട്ട വിതരണം ചെയ്യുമെന്നും അറിയിച്ചു.കൂടാതെ 2026 ജനുവരി ഫെബ്രുവരി മാർച്ച് ക്വാർട്ടറിൽ വൈദ്യുതിയുള്ള (e) വീടുകളിലെ എഎവൈ കാർഡിന് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും പിഎച്ച്എച്ച്,എൻപിഎസ്,എൻപിഎൻഎസ്, കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത (Ne) വീടുകളിലെ കാർഡുകൾക്ക് ആകെ ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് സിവിൽ സ്പ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles