പാലക്കാട്:മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എഇഒ (അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സ്കൂൾ മാനേജറെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകിയിട്ടുണ്ട്. ഗുരുതരമായ വീഴ്ചയാണ് മാനേജരിൽ നിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇതിന് പുറമെ, സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി. സംഭവത്തിൽ അവരുടെ ഭാഗത്ത് ഉണ്ടായ വീഴ്ചകളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.
സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.സംഭവം വിദ്യാഭ്യാസ മേഖലയെ നടുക്കിയിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തുടർനടപടികൾ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


