തിരുവനന്തപുരം:എം.വി നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം “കാർഡുകൾ” ഇറക്കി കൊണ്ടിരിക്കുകയാണെന്നും വ്യാജപ്രചാരണം നടത്തുന്നുണ്ടെന്നും സതീശൻ ആരോപിച്ചു. എന്നാൽ ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു “ഒറിജിനൽ കാർഡ്” പുറത്തുവരുമെന്നും വി.ഡി സതീശൻ പറഞ്ഞു.ശബരിമല സ്വർണകൊള്ള കേസിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്മകുമാറിനെയും മറ്റ് ചില നേതാക്കളെയും സിപിഎം സംരക്ഷിക്കുകയാണെന്നും സർക്കാർ അയ്യപ്പന്റെ സ്വർണം കവർന്നവർക്ക് കുടപിടിച്ചു കൊടുക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ ഉടൻ നിർമ്മിച്ച് കൈമാറുമെന്ന് സതീശൻ വ്യക്തമാക്കി. കോൺഗ്രസ് പ്രഖ്യാപിച്ച പല പദ്ധതികളും ഇതിനകം നടപ്പാക്കിയതായും കർണാടക സർക്കാരിന്റെ സഹായത്തോടെ ധനസഹായം കൈമാറിയതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും യു.ഡി.എഫുമായി ബന്ധപ്പെട്ട് ഏകദേശം 300 വീടുകൾ ഉടൻ തയ്യാറാകുമെന്നും സതീശൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തുടർനടപടികളും ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


