തിരുവനന്തപുരം:തലസ്ഥാനത്ത് പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മരിച്ച ഇരുവരും സുഹൃത്തുക്കളാണെന്ന് പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് നേമം പോലീസ് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം, പത്തനംതിട്ട റാന്നിയിൽ കാറും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പത്ത് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശിയാണ് മരിച്ചത്. ഇരുവാഹനങ്ങളിലും അയ്യപ്പഭക്തരായിരുന്നു സഞ്ചരിച്ചിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ, തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനിബസിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ബസിലുണ്ടായിരുന്നവർ പറയുന്നത്. അപകടത്തെ തുടർന്ന് ബസ് പെട്ടെന്ന് നിർത്തിയതോടെ മുൻവശത്തിരുന്ന ചിലർ പുറത്തേക്ക് തെറിച്ചുവീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പുറമെ, ഇന്ന് രാവിലെ പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്ത് ലോറി ഇടിച്ച് അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരൻ (47) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം മടങ്ങുന്നതിനിടെ, വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.


