ഹരിപ്പാട്:ആനയുടെ കൊമ്പിലിരുത്തിയ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് നിലത്തുവീണ സംഭവത്തിൽ കുട്ടിയുടെ പിതാവും ആനയുടെ താത്കാലിക പാപ്പാനുമായ കൊട്ടിയം സ്വദേശി അഭിലാഷിനെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ ദേവസ്വം ബോർഡിലെ പാപ്പാൻ ജിതിൻ രാജിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഹരിപ്പാട് പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലകൊമ്പൻ ആനയുടെ കൊമ്പിലിരുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൊമ്പിൽ ഇരുത്തുന്നതിനിടെ കുഞ്ഞ് തലകീഴായി മറിഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ‘ഹരിപ്പാട് സ്കന്ദൻ’ എന്ന ആനയുടെ കൊമ്പിലാണ് കുഞ്ഞിനെ ഇരുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയിൽ ആനയുടെ കാലിലെ ചങ്ങലയിൽ കുഞ്ഞിന്റെ തല ഇടിക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്.ഹരിപ്പാട് ക്ഷേത്രത്തിനോട് ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ചോറൂൺ ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിന് ശേഷം കുഞ്ഞിനെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിലാണ് ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയതെന്ന് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് വിശദീകരിച്ചതായും പൊലീസ് പറഞ്ഞു.തുടർന്ന് ആനയുടെ കൊമ്പിലിരുത്തുന്നതിനിടെ കൈയിൽ നിന്ന് കുഞ്ഞ് തെന്നിപ്പോയി നിലത്തുവീഴുകയായിരുന്നു.നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തെ തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.


