ചവറ:ചവറ സ്വദേശിയായ വേണുവിന് ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പിന് കീഴിൽ ഡിഎംഇ (Directorate of Medical Education) നിയോഗിച്ച വിദഗ്ധ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ വേണുവിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.സിഎച്ച്‌സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെ ചികിത്സാ ശൃംഖലയിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചിട്ടും ഐസിയുവിൽ പ്രവേശിപ്പിച്ചില്ലെന്നും, തുടർന്ന് മെഡിക്കൽ വാർഡിലേക്ക് മാറ്റിയെങ്കിലും അവിടെയും സമയബന്ധിത ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ കോളേജിലെത്തിയ സമയത്ത് രോഗിയെ ആശുപത്രിയ്ക്കുള്ളിലേക്ക് മാറ്റാൻ പോലും അറ്റൻഡർമാരോ മറ്റ് ജീവനക്കാരോ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാർ രോഗികളോടും ബന്ധുക്കളോടും മാന്യമായും മാനവികമായും പെരുമാറേണ്ടതിന്റെ ആവശ്യകതയും അന്വേഷണസംഘം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.


