മലപ്പുറം:മലപ്പുറം ജില്ലയിൽ മസ്തിഷ്‌ക ജ്വരം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ 77 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മൂന്നിലൊന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. 2025ൽ മാത്രം എട്ട് പേരാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ ആകെ 126 പേർക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയും 27 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. 2021ൽ ഒരു കേസും 2022ൽ രണ്ട് കേസുകളും മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2023ൽ ആറ് കേസുകളും 2024ൽ 40 കേസുകളും റിപ്പോർട്ട് ചെയ്തു. ഓരോ വർഷവും രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകൾ വ്യാപകമാക്കിയതുമാണ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നിലൊന്ന് കുട്ടികളാണെന്നത് ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു. ഇതുവരെ സ്ഥിരീകരിച്ച 126 രോഗികളിൽ 40 പേരും കുട്ടികളാണ്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗം കൂടുതൽ മാരകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ മരണനിരക്ക് 28 ശതമാനമാണെന്നാണ് കണക്കുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മസ്തിഷ്‌ക ജ്വരം ബാധിച്ച ചിലരിൽ ജപ്പാനീസ് എൻസഫലൈറ്റിസ് (ജപ്പാൻ ജ്വരം) എന്ന ഗുരുതര വൈറസ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. 2024ൽ മലപ്പുറം ജില്ലയിൽ രണ്ട് ജപ്പാൻ ജ്വരം കേസുകളാണ് കണ്ടെത്തിയത്. രോഗം തിരിച്ചറിയാനുള്ള സാങ്കേതിക പരിമിതികൾ കാരണം പല കേസുകളും സ്ഥിരീകരിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൊതുകുകൾ വഴിയാണ് ജപ്പാൻ ജ്വരം പകരുന്നത്.തീവ്രമായ പനിക്ക് പിന്നാലെ കടുത്ത തലവേദന, തുടർച്ചയായ ഛർദി, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ അപസ്മാരം, സ്ഥിരമായ വൈകല്യം, മരണം എന്നിവ വരെ സംഭവിക്കാം.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ 30 ശതമാനത്തോളം പേർ മരിക്കുകയും 50 ശതമാനത്തോളം പേർക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുവെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി വ്യക്തമാക്കി.ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഒന്ന് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ജപ്പാനീസ് എൻസഫലൈറ്റിസ് വാക്സിനേഷൻ ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.


