കോട്ടയം: ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് താൽക്കാലിക വേലി കെട്ടി തിരിച്ച സ്ഥലത്തിനുള്ളിൽ ചിറപ്പ് പന്തൽ, പിൽഗ്രിം ഷെൽട്ടർ എന്നിവയുടെ നിർമ്മാണത്തിന് എന്ന പേരിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ കിഴക്കും, തെക്കും ഭാഗത്ത് പൂർത്തീകരിക്കാത്ത നടപ്പന്തൽ നിർമ്മാണം, ക്ഷേത്ര മൈതാന ചുറ്റുമതിലിന്റെ ശോച്യാവസ്ഥ, ഗോശാലയുടെ ജീർണാവസ്ഥ, ഭക്തജന ആവശ്യാർത്ഥം കൂടുതൽ ശൗചാലയ നിർമ്മാണങ്ങൾ, എന്നിവയ്ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോർഡ് ലക്ഷങ്ങൾ മുടക്കി നടത്താൻ നിശ്ചയിച്ച അനാവശ്യ നിർമ്മാണങ്ങൾ ധൂർത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കാനാണ്. ക്ഷേത്രത്തിന് ചുറ്റുമായി നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള റോഡിന്റെ നിർമ്മാണത്തിനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്ത ദേവസ്വം ബോർഡ് ആണ് അനാവശ്യ നിർമ്മാണത്തിന് മുതിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവഹിതം മാനിക്കാതെ, കല്യാണമണ്ഡപത്തിൽ നിന്ന് 10 മീറ്റർ പടിഞ്ഞാറോട്ട് മാറി യാതൊരു നിർമിതികളും പാടില്ല എന്ന 2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ നടത്തുന്ന നിർമ്മിതികൾ ദേവഹിതത്തിന് വിരുദ്ധവും, കോടതി ഉത്തരവിന്റെ ലംഘനവും ആണ്. ഉത്സവ ദിവസങ്ങളിലും മറ്റ് ആട്ടവിശേഷങ്ങൾക്കും ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ ഉൾക്കൊള്ളുവാൻ നിലവിലുള്ള തുറസായ സ്ഥലം പോലും തികയില്ലെന്നിരിക്കെ ക്ഷേത്ര മൈതാനത്ത് ഒരു നിർമ്മാണവും പാടില്ലാത്തതാണ്.
ഉത്സവ ദിവസങ്ങളിൽ ഒമ്പതാനകൾ വരെ ഒരേ സമയം എഴുന്നള്ളിക്കുന്നതും, കൂടാതെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വേലകളി, സേവ എന്നിവ നടക്കുന്നതും പ്രസ്‌തുത സ്ഥലത്താണ്. ആനകളുടെ എഴുന്നള്ളത്തിനുള്ള മാനദണ്ഡം പ്രകാരം ആനകൾ തമ്മിലുള്ള അകലം മൂന്നു മീറ്ററും ആനകളും ആൾക്കൂട്ടവും തമ്മിലുള്ള അകലം എട്ടു മീറ്ററും ആയിരിക്കും നിർമ്മിതികൾ അപകടകരവും ഭക്തജനങ്ങൾക്ക് തികച്ചും അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഇതിനാൽ തന്നെ ആൽത്തറ വരെയുള്ള സ്ഥലങ്ങൾ താൽക്കാലിക വേലികെട്ടി വേർതിരിച്ചിരിക്കുകയാണ്. പുതിയതായി വരുന്ന അശാസ്ത്രീയനിർമ്മിതി കൃഷ്‌ണൻകോവിലിനെ മറയ്ക്കുകയും പുറത്തുനിന്ന ഗണപതി ഭഗവാനെ വന്ദിക്കുന്നതിന് തടസ്സം ആവുകയും ചെയ്യും.
നിർമ്മാണ അനുവദിക്കായി മുനിസിപ്പാലിറ്റിയിൽ ദേവസ്വം നൽകിയിട്ടുള്ള കെട്ടിട നിർമ്മാണ അനുമതി അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ അളവ് രേഖപ്പെടുത്തി സമർപ്പിച്ചിട്ടില്ല, മറ്റ് അനുമതികളും നൽകിയിട്ടില്ല. സാനിറ്റേഷൻ ഫെസിലിറ്റി, യൂറിനൽ, വാഷ്ബേസിൻ എന്നിവ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ സാധാരണ നിർമ്മാണങ്ങളിൽ പാലിക്കണം എന്നിരിക്കെ പിൽഗ്രിം സെന്ററിൽ ശൗചാലയവും മൂത്രപ്പുരയും സ്ഥാപിക്കുന്നത് ക്ഷേത്രത്ത അശുദ്ധമാക്കുകയും ചൈതന്യ ലോപം സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യും. ദേവഹിതം നോക്കാതെ, നിർമാണത്തിന് ഉള്ള ടെണ്ടർ വിളിക്കാതെ, കോടതി ഉത്തരവു മാനിക്കാതെ, മുനിസിപ്പാലിറ്റി അംഗീകാരം വാങ്ങാതെ ക്ഷേത്ര ചൈതന്യത്തിന് ഹാനി വരുത്തുന്നതും ഉപക്ഷേത്ര കവാടമടച്ച് കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് ദുരുദ്ദേശപരമാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവം, ആട്ടവിശേഷം, മറ്റു ചടങ്ങുകൾ ഉണ്ടാക്കുന്ന ഭക്തജന സാന്നിധ്യത്തെ ഉൾക്കൊള്ളാൻ ക്ഷേത്ര മൈതാനത്തിന് ആവശ്യമായ വിസ്തൃതി പോലും ഇല്ലെന്നിരിക്കെ ഈ സ്ഥലത്ത് നടത്തുന്ന നിർമ്മാണം അപകടസാധ്യത വർദ്ധിപ്പിക്കും.
നാമജപം, ഭജന മുതലായവ ഒഴിച്ച് പുറത്തുവച്ച് മറ്റുപാധികളോ ഫോട്ടോകളോ വെച്ചുള്ള ആരാധനകൾ നടത്താൻ പാടില്ലാത്തതാണെന്ന് ദേവപ്രശ്‌നവിധിയുടെ ചാർത്തിൽ 68 -മത് നമ്പരായി ചേർത്തിരിക്കുന്നു.
ആനപ്പുറത്ത് ഭഗവാന്റെ എഴുന്നള്ളത്ത് കല്യാണ മണ്ഡപത്തിലാണ് നടക്കുന്നത് എന്നതിനാൽ നിർമ്മാണം പൂർത്തികരിക്കപെട്ടാൽ മണ്ഡപത്തിന് വലം വെക്കാൻ എഴുന്നള്ളത്തിന് സാധ്യമല്ലാതെ വന്നാൽ അനുഷ്ടാനവും, ആചാരവുംമുടങ്ങും. ദേവഹിതം നോക്കാതെ, കോടതി ഉത്തരവുമാനിക്കാതെ, ഭക്തജന അഭിപ്രായങ്ങൾ ശേഖരിക്കാതെ നടത്തുന്ന ദേവസ്വം ബോർഡിന്റെ പ്രവർത്തിക്കെതിരെ ഭക്തജന സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തും. ക്ഷേത്ര മൈതാനത്ത് അനാവശ്യ നിർമ്മാണം അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ ധിക്കാരത്തിനും ക്ഷേത്ര വിരുദ്ധ നടപടിക്കുമെതിരെ മാർച്ച് 14ന് ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഭക്തജനങ്ങൾ ഉപവസിക്കും. ദേവസ്വം ബോർഡ് നടപടിയിൽ നിന്ന് പിന്മാറാത്ത പക്ഷം തുടർ പ്രക്ഷോഭങ്ങൾക്ക് ഹൈന്ദവ ഭക്ത ജനസംഘടനകൾ രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.എസ്. ബിജു, ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി. രാജഗോപാൽ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.പി. സഹദേവൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി സി. മോഹൻ ചന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വി.എൻ. സോമൻ, ആറാട്ട് എതിരേൽപ് സമിതി പ്രസിഡന്റ് ശ്രീജിത്ത് കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.


