കോട്ടയം: ഈസ്റ്ററും ആഘോഷവും പ്രമാണിച്ച് ബീഫിന് 500 രൂപയാക്കി വർദ്ധിപ്പിച്ച ഇറച്ചിക്കടകൾക്ക് എതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. മണർകാട്ട് യൂദാ മീറ്റ്സ് എന്ന ഇറച്ചിക്കടയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് നടപടിയെടുത്തത്. ഈ ഇറച്ചിക്കട അടച്ചു പൂട്ടുകയും ചെയ്തു. കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന യൂദാ മീറ്റ്സിനെതിരെ കോട്ടയം നഗരസഭയാണ് നടപടിയെടുത്തിരിക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് കോട്ടയം മണർകാട് പ്രവർത്തിക്കുന്ന യൂദാ മീറ്റ്സിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ഇവിടെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കട ഉടമയും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായി. 460 രൂപ വിലയുള്ള ബീഫ് 500 രൂപയ്ക്ക് ഇന്ന് രാവിലെ മുതൽ വിറ്റതിനെച്ചൊല്ലിയായിരുന്നു തർക്കമുണ്ടായത്. തുടർന്ന് തർക്കം രൂക്ഷമായതോടെ മണർകാട് പൊലീസ് സംഘവും, മണർകാട് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്ത് എത്തി. തുടർന്ന്, ബീഫ് വിൽക്കുന്ന യൂദാ മീറ്റ്സ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ട് അടച്ചു പൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോട്ടയം നഗരസഭ അധികൃതർ ശാസ്ത്രി റോഡിലെ യൂദാ മീറ്റ്സിലും പരിശോധന നടത്തിയത്. ഇവിടെ പരിശോധന നടത്തിയ നഗരസഭ അധികൃതർ 500 രൂപയ്ക്ക് ബീഫ് വിൽക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി യൂദാ മീറ്റ്സിന് നോട്ടീസ് നൽകുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിന് എതിരെ നഗരസഭ നടപടിയും എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്ത വിമർശനവുമായി മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ –
കന്നുകാലി ക്ഷാമം മൂലം ഇറച്ചി വിപണിയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ ഇപ്പോൾ ഗുരുതര ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഈസ്റ്റർ ആഘോഷകാലത്ത് പ്രധാന വിഭവമായ ബീഫിന്റെ വിലയിൽ ഉണ്ടായ അപ്രതീക്ഷിത വർധനയാണ് പ്രശ്നത്തിന് തുടക്കമായത്. കിലോയ്ക്ക് 460 രൂപയ്ക്ക് വിറ്റിരുന്ന ബീഫ് ഒരുദിവസം കൊണ്ട് 40 രൂപ വർധിപ്പിച്ച് 500 രൂപയാക്കിയതാണ് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. മണർകാട് ഗ്രാമപഞ്ചായത്ത് ബീഫിന്റെ വില 460 രൂപയായി നിലനിർത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ കന്നുകാലികളുടെ ലഭ്യത കുറഞ്ഞതിനാൽ ആ വിലയിൽ വിൽപ്പന നടത്തുന്നത് പ്രായോഗികമല്ലെന്ന് ചില വ്യാപാരികൾ പഞ്ചായത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വില 500 രൂപയായി വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു.
പോത്തിറച്ചി മാത്രം വിൽക്കേണ്ട സാഹചര്യത്തിൽ 500 രൂപയിൽ നിന്ന് വില കുറയ്ക്കാൻ സാധിക്കില്ല” എന്ന കടയുടമയുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. തുടര്‍ന്ന് പോലിസ് ഇടപെട്ട് ഉടമയെ അറസ്റ്റ് ചെയ്തു. പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് അധികൃതർ കട അടപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം, 2026 ജനുവരി മുതൽ കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുവരുന്നതിനായി നിർബന്ധമാക്കപെട്ട വെറ്ററിനറി ഡോക്ടറുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ആന്ത്ര സർക്കാർ നിർത്തലാക്കിയതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ഈ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ലഭ്യമാണെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രായോഗികമായി ലഭ്യമല്ലാത്തതിനാൽ പ്രധാന വിതരണ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കന്നുകാലികളുടെ വരവ് തടസ്സപ്പെട്ടു. വ്യാപാരികൾ ഇത് കേന്ദ്ര സർക്കാരിന്റെ ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിക്കുന്നു.
ഇത്തരം നിയന്ത്രണങ്ങൾ വ്യാപാര രംഗത്ത് ചില കുത്തകകൾക്ക് മാത്രമായി അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. പഞ്ചായത്തുകൾ ഇറച്ചി വിൽപ്പനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പിന്നാക്കമാണെന്നും, അതേസമയം വില നിയന്ത്രണത്തിൽ മാത്രം ഇടപെടുന്നത് വിവേചനപരമാണ്.
മറ്റൊരുവശത്ത്, അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് (കിലോയ്ക്ക് ഏകദേശം 320 രൂപ) എത്തുന്ന “സുനാമി ഇറച്ചി” (ചത്ത മൃഗങ്ങളുടെ ഇറച്ചി ) എന്നറിയപ്പെടുന്ന ഇറച്ചിക്ക് നിയന്ത്രണങ്ങളില്ലാതെ വിൽപ്പന നടക്കുന്നതും വിവാദമാകുന്നു. പഞ്ചായത്തിന്റെ വില നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ റെയ്ഡുകൾ നടക്കുമ്പോഴും, ഈ തരത്തിലുള്ള ഇറച്ചിവ്യാപാരത്തിന് അനുകൂലമായ സാഹചര്യമാണെന്ന മാത്രമല്ല മേഖലയിൽ ഇവരുടെ സ്വാധീനമാണ് വിഷയത്തിനു പിന്നിലെന്നും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് എം.എ സലീം പറഞ്ഞു.
കന്നുകാലി കൊണ്ടുവരുന്നതിലെ അഴിമതി അന്വേഷിക്കാൻ ഒരു സിബിഐ അന്വേഷണം വന്നാൽ ഇറച്ചിവിലയിൽ കിലോയ്ക്ക് 50 രൂപ വരെ കുറവ് വരുത്താനാകുമെന്ന കേരള സർക്കാരിനേനേരത്തേ അറിയിച്ചിരുന്നതാണ്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ സി.ബി.ഐ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടും സർക്കാർ നിരസിച്ചു. ഈ മേഖലയിലൂടെ പ്രതിവർഷം ഏകദേശം 3000 കോടി രൂപ വരെ അനധികൃത ലാഭം ഗുണ്ടാ-മാഫിയകൾ കൈവശപ്പെടുത്തുന്നതും അനധികൃത ജപ്തിയും ആണ് വിഷയമെന്നും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് എം.എ സലീം ആരോപിച്ചു.

