കോട്ടയം : വിഷുക്കാലം കെങ്കേമമാക്കാൻ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകൾക്ക് തുടക്കമായി. ഏപ്രിൽ 10 മുതൽ 14 വരെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും വിഷു വിപണനമേളകൾ സംഘടിപ്പിക്കുന്നു.
കുടുംബശ്രീയുടെ സൂക്ഷ്മസംരംഭങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയെ സമ്പന്നമാക്കുന്നത്. പായസമേളയും പ്രത്യേക വിഷു കിറ്റുകളും പ്രധാന ആകർഷണങ്ങളാണ്. സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന കൃഷിഗ്രൂപ്പുകൾ ഒരുക്കുന്ന വിഷരഹിത കാർഷികോൽപ്പന്നങ്ങൾ—തണ്ണിമത്തൻ, കണിവെള്ളരി, ചീര, പയർ എന്നിവ ഉൾപ്പെടെ—മേളയിൽ ലഭ്യമാണ്.
ഇതോടൊപ്പം സംരംഭകരുടെ ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ തുടങ്ങിയ ഗൃഹോപയോഗ ഉൽപ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ ഉൾപ്പെടുത്തിയ വിഷു കിറ്റും മേളയിൽ ലഭ്യമാണ്. കണികൊന്നപ്പൂവ്, മാങ്ങപ്പഴം, കൈതച്ചക്ക, ഏത്തപ്പഴം, വെള്ളരിക്ക, പച്ചമാങ്ങ, ആപ്പിൾ, മുന്തിരി, ഓറഞ്ച്, മുരിങ്ങക്ക, തേങ്ങ, പഴം, പടവലങ്ങ, തക്കാളി, ചക്ക എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

