കൊച്ചി : അവയവദാനത്തിനായുള്ള വ്യാജ രേഖ ഉണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് പേർ കസ്റ്റഡിയില്‍. എറണാകുളം റൂറലിലെ മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ അവയക്കടത്ത് ഏജന്റുമാരായ ദമ്പതികള്‍, ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിലായത്. മലപ്പുറം സ്വദേശികളാണ് ഏജന്‍റുമാരായ ദമ്പതികള്‍.
അവയവ ദാനം നടത്താൻ ആവശ്യമായ രേഖകള്‍ വ്യാജമായി ഉണ്ടാക്കാൻ ഏജന്റുമാരുടെ നിർദ്ദേശത്തില്‍ ഇവർ പ്രവർത്തിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അവയവ ദാനം നടത്തിയുള്ള ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ഡോക്ടർമാരുടെ ഒപ്പും സീലുമടക്കം,വ്യക്തികളുടെ ആധാർ കാർഡും ഇവർ നിർമ്മിച്ചതായി പൊലീസ് പറയുന്നു. കുന്നത്തുനാട്, അമ്പലമേട്, തടിയിട്ട പറമ്പ് പൊലീസാണ് രാവിലെ മുതല്‍ ഈ മേഖകളില്‍ വിശദമായ പരിശോധന നടത്തുന്നത്. പ്രതികളെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കും.

