തിരുവനന്തപുരം: വിദ്യഭ്യാസരംഗത്തെ പ്രവർത്തനത്തിന് പണം ആവശ്യമെന്ന് നിയുക്ത മന്ത്രി എൻ ഷംസുദീൻ. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സഹായവും വേണം. പി എം ശ്രീ പോലുള്ള പദ്ധതികളില്‍ യുഡിഎഫിന് ഒരു നയമുണ്ട്. അതില്‍ നിന്ന്കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. അതൊരു പരീക്ഷണമാണ്. പൊതുവിദ്യഭ്യാസം സംരക്ഷിക്കും. ലഹരി വിമുക്തമാക്കാൻ പദ്ധതികള്‍ കൊണ്ടുവരും. ശ്രദ്ധിച്ചാല്‍ മുൻകാലത്തുണ്ടായ പല തെറ്റുകളും ഒഴിവാക്കാമെന്നും എം ഷംസുദീൻ പറഞ്ഞു.
അതേസമയം, വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുള്‍ ഗഫൂർ എന്നിവരാണ് ലീഗില്‍ നിന്ന് മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോള്‍ പാറക്കല്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ആ സമയത്ത് നിലവിലുള്ള മന്ത്രിമാരില്‍ ആരാണ് മാറേണ്ടതെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതല്‍ വകുപ്പുകള്‍ ഉണ്ടാകുമെന്നും നേതാക്കള്‍ വിവരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ, പാറക്കല്‍ അബ്ദുള്ള എന്നിവരെയാണ് മന്ത്രിമാരായി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാല്‍ പി കെ ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലും സോഷ്യല്‍ മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒരു പുനരാലോചന ലീഗില്‍ ഉണ്ടായത്. ബഷിറിനെ ഒഴിവാക്കുന്നുവെന്ന സൂചനകള്‍ വന്നതോടെ ലീഗില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നതിന് പിന്നാലെയാണ് ആദ്യ തീരുമാനം മാറിയത്. ഇതോടെയാണ് പാറക്കല്‍ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീർ മന്ത്രിയാകുന്നതെന്നാണ് വ്യക്തമാകുന്നത്. വി അബ്ദുള്‍ ഗഫൂറിനെ മന്ത്രി ആക്കരുത് എന്ന് ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉയർത്തിയിരുന്നു. എന്നാല്‍, പാണക്കാട് കുടുംബത്തിന്റെ സമ്മർദ്ദം വി അബ്ദുള്‍ ഗഫൂറിന് തുണയായി. 2011 ലെ വകുപ്പുകള്‍ തന്നെ ലീഗിന് കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും എന്നാണ് വിവരം.


