ആലപ്പുഴ: പുന്നപ്ര-വയലാർ സമരഭടൻമാരുടെ ധീരസ്മരണകൾ ജ്വലിക്കുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡലപത്തിനരികെ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മാരകമുയരും. ഒന്നാംചരമവാർഷികദിനമായ ജൂലൈ 21ന് രക്തസാക്ഷിഭൂമിയിൽ ഉയരുന്ന സ്മാകരത്തിന് മുന്നിൽ അനുസ്മരണവും പുഷ്പാർച്ചനയും നടക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ, വി.എസിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന. ഒമ്പതിന് അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ എന്നിവർ സംസാരിക്കും. തുടർന്ന് ‘കേരളവും ഉതുപക്ഷ ജീവിതവും’ എന്ന വിഷയത്തിൽ എഴുത്തുകാരൻ സുനിൽ പി. ഇളയിടം വി.എസ്. അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് നഗരത്തിൽ റാലിയും വലിയചുടുകാട്ടിൽ പൊതുസമ്മേളനവും നടക്കും. സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, സി.എസ്. സുജാത, സജി ചെറിയാൻ, സി.ബി. ചന്ദ്രബാബു, കെ. പ്രസാദ് എന്നിവർ സംസാരിക്കും.
വലിയചുടുകാട്ടിലെ സ്മാരകത്തിൽ വി.എസിന്റെ ചിത്രവും ചുറ്റുമതിലിൽ അരിവാളും ചുറ്റികയും ദീപശിഖയേന്തിയ കൈയുമുണ്ടാകും. പ്രശസ്ത ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്മാരകത്തിന്റെ രൂപരേഖ തയാറാക്കിയത്. കമ്യൂണിസ്റ്റ് പാർട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോൾ 1957ലാണ് വി.എസിന്റെ പേരിൽ ആലപ്പുഴ നഗരസഭയിൽനിന്ന് ഈ ഭൂമി വാങ്ങിയത്. ഇപ്പോഴും അത് വി.എസിന്റെ പേരിൽത്തന്നെ. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റ് മരിച്ചവരെ കൂട്ടത്തോട കത്തിച്ചത് വലിയചുടുകാടിലായിരുന്നു. അന്ന് പൊതുശ്മശാനമായ ഭൂമിയുടെ 46സെന്റ് ഭൂമിയാണ് പാർട്ടിക്ക് ലഭിച്ചത്. 1964ൽ പാർട്ടി പിളർന്നപ്പോൾ വലിയചുടുകാടും സ്മാരകപ്രദേശവും പകുത്തു. സോവിയറ്റ് മാതൃകയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിർമിച്ച സ്മാരകം സി.പി.ഐക്ക് കൊടുത്തു. സി.പി.എം ചതുരമാതൃകയിൽ മറ്റൊന്നൊരുക്കുകയും ചെയ്തു. എങ്കിലും പുന്നപ്ര-വയലാർ വാരാചരണം ഇരുപാർട്ടികളും ഒരുമിച്ചാണ് നടത്തുന്നത്.
പുന്നപ്ര-വയലാർ സമരസേനാനികളുടെ സ്മരണയുണർത്തുന്ന സ്തൂപങ്ങളാണ് ഇവിടെയുള്ളത്.
വി.എസ് ഒന്നാംചരമവാർഷികം ഇന്ന് ജൂലൈ 21 ചൊവ്വാഴ്ച; വലിയചുടുകാട്ടിൽ സ്മരണകളിരമ്പും

Advertisements

