ചങ്ങനാശേരി : ചങ്ങനാശേരി ആനന്ദാശ്രമം സ്‌കൂളിൽ സാമുഹിക വിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്ന ഹാളാണ് അക്രമിസംഘം അടിച്ചുതകർത്തത്. ക്ലാസ് മുറിയിലെ മേശകളും , ഫോട്ടോകളും , കസേരകളും , ബോർഡുകളും അക്രമിസംഘം നശിപ്പിച്ചു. ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന കസേരകൾ അടിച്ചു തകർത്ത നിലയിലാണ്. ബോർഡുകൾ ക്ലാസ് മുറിയിൽ നിന്നും സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സ്കൂളിൻറെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന്റെ ഹെഡ് ലൈറ്റ് കരിങ്കല്ലിന് ഇടിച്ചു തകർത്ത നിലയിലാണ്.
ഏപ്രിൽ രണ്ടിന് സ്കൂൾ ബസിന്റെ ഹെഡ്ലൈറ്റ് തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനുശേഷം തുടർച്ചയായി അവധികൾ വന്നതിനാൽ സ്കൂളിൽ അക്രമം നടന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി എത്തി ഉദ്യോഗസ്ഥർ ആളുകൾ വൃത്തിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ അക്രമം നടന്ന വിവരം അറിയുന്നത്. ഇതേ തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് ക്ലാസ് മുറികൾ അടക്കം അലങ്കോലമാക്കിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് സ്കൂൾ അധികൃതർ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്കൂൾ ഹാളിന്റെ ഒരു ഭാഗത്തെ ജനലിലൂടെയാണ് ആക്രമികൾ അകത്തു കടന്നത് എന്നാണ് സംശയിക്കുന്നത്.

