വില കുറവാണെന്ന് കരുതി മീൻ വാങ്ങരുത്;പഴകിയ മത്സ്യങ്ങളാൽ മലയാളികളുടെ അടുക്കള രോഗകേന്ദ്രങ്ങളാകുന്നു

കൊല്ലം:വില കുറവാണെന്ന വാശിയിൽ മീൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ ‘കേരളത്തിലെ ഹാർബറുകളിൽ നിന്നുള്ളത്’ എന്ന വ്യാജേന വിപണിയിൽ എത്തിച്ച് മലയാളികളെ കബളിപ്പിക്കുന്നതായാണ് വിവരം. പഴകിയ മത്സ്യങ്ങൾ അടുക്കളകളെ തന്നെ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളാക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.മുൻപ് ട്രോളിംഗ് നിരോധന കാലയളവിലാണ് ഇത്തരം മത്സ്യങ്ങൾ എത്താറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മത്സ്യങ്ങൾ സുലഭമായി ലഭിക്കുന്ന സമയത്തും അന്യസംസ്ഥാന മത്സ്യങ്ങളുടെ പ്രവാഹം തുടരുകയാണ്.

Advertisements

ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും പറ്റിച്ച് വില കുറഞ്ഞ പഴകിയ മീനുകൾ വിൽക്കുന്ന പ്രവണത വ്യാപകമായി തുടരുന്നു.കൊല്ലം നഗരത്തിലെ പല മാർക്കറ്റുകളിലും ഹാർബറിനോട് ചേർന്ന പ്രദേശങ്ങളിലും ഇത്തരം മത്സ്യങ്ങൾ എത്തുന്നുണ്ട്. പഴകിയതായതിനാൽ വില കുറവായിരിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള മത്സ്യഫെഡ് സ്റ്റാളുകളിലും ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വില്പനയുണ്ടെന്നാരോപണവും ഉയരുന്നു.‘വഞ്ചിയിൽ നിന്ന് അടുക്കളയിലേക്ക്’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിലും അന്യസംസ്ഥാന മത്സ്യങ്ങളെയാണ് ആശ്രയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഴിയോരങ്ങളിലും ഇത്തരം മത്സ്യങ്ങളുടെ വില്പന വ്യാപകമാണ്.പ്രദേശിക മാർക്കറ്റുകളിൽ മതിയായ ശീതീകരണ സംവിധാനം ഇല്ലാത്തതും പ്രശ്‌നമായി തുടരുന്നു. മത്സ്യങ്ങൾ ഐസ് ചേർത്ത് സൂക്ഷിക്കുന്നെങ്കിലും “ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ്” എന്ന അനുപാതം പാലിക്കപ്പെടാറില്ല. ഇതിലൂടെ മത്സ്യങ്ങൾ വേഗം പഴകുകയും വ്യാപാരികൾ രാസവസ്തുക്കൾ ചേർത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർത്താൽ മത്സ്യം ദീർഘകാലം കേടുകൂടാതെ തോന്നുമെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ചെറുകിട വ്യാപാരികൾക്ക് മത്സ്യത്തിന്റെ പഴക്കം പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതും പ്രശ്നമാണ്.-

മീൻ ഫ്രഷാണോ എന്ന് മനസ്സിലാക്കാൻ ചില നിർദ്ദേശങ്ങൾ

ഫ്രഷ് മീനിന് വൃത്താകൃതിയിലുള്ളതും തിളങ്ങുന്നതുമായ തെളിച്ചമുള്ള കണ്ണുകളായിരിക്കും. കുഴിഞ്ഞതോ നീല നിറമുള്ളതോ ആയ കണ്ണുകൾ പഴകിയ മീനിന്റേതാണ്.

ആന്തരാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിനടുത്ത് വരുന്ന രക്തം തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ളതായിരിക്കും ഫ്രഷ് മീനിൽ.

മാംസത്തിൽ വിരൽ അമർത്തുമ്പോൾ ദൃഢത തോന്നിയാൽ മീൻ നല്ലതാണ്; വിരൽ അമർത്തിയാൽ താഴ്ന്നുപോകുന്നുവെങ്കിൽ പഴകിയതായിരിക്കും.

ചീഞ്ഞു തുടങ്ങിയ മീനിന് അമോണിയ പോലുള്ള കനത്ത ദുർഗന്ധമുണ്ടാകും.

ചെകിളകൾ (gills) നനഞ്ഞതും ചുവപ്പ് നിറത്തിലുള്ളതുമാകണം; വറ്റിയതോ തവിട്ടുനിറത്തിലോ ആണെങ്കിൽ പഴകിയതായിരിക്കും.

മുറിച്ചുനൽകുന്ന മീനിന് ഈർപ്പം ഉണ്ടോയെന്ന് പരിശോധിക്കുക മീനിന് തവിട്ടുനിറമോ മഞ്ഞനിറമോ ഉണ്ടായാൽ പഴകിയതായിരിക്കും.

വലിയ മീൻ മുറിച്ചപ്പോൾ ഉള്ളിൽ നീല നിറത്തിലുള്ള തിളക്കം കാണുന്നുണ്ടെങ്കിൽ അത് രാസവസ്തുക്കൾ ചേർത്തതായിരിക്കും.

Hot Topics

Related Articles