ഹാൻഡിലില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം ഇനി വേണ്ട : ഇരുചക്ര വാഹന യാത്രക്കാർക്ക് മുട്ടൻ പണി വരുന്നു

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹാൻഡിലില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം കാണിക്കുന്നവരെയും ചീറിപ്പായുന്നവരെയും പൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടുകൈയും ഹാൻഡിലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന ‘ഹാൻഡ്സ് ഫ്രീ’ എന്ന സാങ്കേതിക വിദ്യയാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ട്രാഫിക്ക് പൊലീസിന്റെയോ ക്യാമറയുടെയോ കണ്ണുവെട്ടിച്ച്‌ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്നും കരുതേണ്ട. നിർമാണവേളയില്‍ ഈ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ നിർബന്ധമായും ഉള്‍പ്പെടുത്താനാണ് നീക്കം. ത്രിതല സുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
പുതിയ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതോടെ രണ്ടുകൈകളും ഹാൻഡിലില്‍ കൃത്യമായി വയ്ക്കാതെ എൻജിൻ സ്റ്റാർട്ടാവില്ല. ഇനി സ്റ്റാർട്ടായി വണ്ടി ഓടിത്തുടങ്ങിയശേഷം ഹാൻഡിലില്‍ നിന്ന് കൈയെടുക്കുന്നു എന്നിരിക്കട്ടെ. എട്ടുസെക്കൻഡ് കഴിഞ്ഞിട്ടും കൈകള്‍ തിരികെ വച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം തനിയെ കുറഞ്ഞുതുടങ്ങും. അല്പം കഴിയുന്നതോടെ വാഹനം നില്‍ക്കും. സുരക്ഷിതമായ നിലയിലായിരിക്കും വേഗത കുറയുന്നത്. അതിനാല്‍ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യത പരമാവധി ഇല്ലാതാക്കും.
ഇനി ഒരുകൈ മാത്രമാണ് ഹാൻഡിലില്‍ നിന്നെടുക്കുന്നതെങ്കില്‍ മൂന്ന് സെക്കൻഡിനുള്ളില്‍ ഡിസ്‌പ്ലേയില്‍ മുന്നറിയിപ്പ് തെളിയും. ഒപ്പം ഓഡിയാേ അലർട്ടും ലഭിക്കും. ഇത് അവഗണിക്കുന്നതോടെ വാഹനവേഗം കുറഞ്ഞുതുടങ്ങും. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്.
ഗതാഗത മന്ത്റാലയത്തിന് കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്സ് കമ്മിറ്റിയാണ് ഇതിനുള്ള കരട് തയാറാക്കിയത്. വാഹനനിർമാതാക്കളുടെ പ്രതിനിധികളും ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതോടെ ഇരുചക്രവാഹനങ്ങളുടെ വിലയില്‍ ചെറിയതോതിലുള്ള വർദ്ധന ഉണ്ടാവാൻ ഇടയുണ്ട്. രണ്ടായിരം രൂപയ്ക്കുള്ളിലായിരിക്കും വർദ്ധനവെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകള്‍.

Advertisements

Hot Topics

Related Articles