കണ്ണൂർ: വോട്ടർ പട്ടിക ഒരുക്കലുമായി ബന്ധപ്പെട്ട എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികൾ അപ്രായോഗികമെന്നാരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ബിഎൽഒമാർക്ക് മേൽ സമ്മർദം വർധിച്ചുവരുന്നുവെന്നും സിപിഎം നേതാക്കൾ നൽകിയ ഭീഷണികൾ ഗുരുതരമാണെന്നും അദ്ദേഹം ആരോപിച്ചു.കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് രാഷ്ട്രീയ വിവാദം രൂക്ഷമാകുകയാണ്.
ബിഎൽഒയുടെ മരണത്തിൽ സിപിഎമ്മിന് നേരിട്ട് പങ്കുണ്ടെന്നും സിപിഎം സമ്മർദമാണ് ദുരന്തത്തിന് കാരണമെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. “അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തിയ കാരണങ്ങൾ പുറത്തുവരണം. വോട്ടർ പട്ടികയിൽ കോൺഗ്രസുകാരെ ഒഴിവാക്കാനാണ് സിപിഎം ഉദ്യോഗസ്ഥരെ വഴിവിട്ടു ഉപയോഗിച്ചത്” കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കണ്ണൂർ ജില്ലാ കലക്ടർ നൽകുന്ന റിപ്പോർട്ടിൽ മേൽ ഉദ്യോഗസ്ഥർ ജോലി സമ്മർദം നൽകിയിട്ടില്ലെന്നും അതിനാൽ വകുപ്പുതല നടപടി വേണ്ടെന്ന് അഭിപ്രായപ്പെട്ടു. എങ്കിലും, വീടുകളിലേക്ക് എന്യൂമറേഷൻ ഫോമുമായി പോകുന്നതിനിടെ മൂന്ന് പ്രധാന മുന്നണികളിലെയും നേതാക്കൾ അനീഷിനെ സമ്മർദത്തിലാക്കിയിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബിഎൽഒയുടെ ആത്മഹത്യയെ തുടർന്ന് സർവീസ് സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. അമിത ജോലിഭാരമാണ് ദുരന്തത്തിന് കാരണമെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. “അനീഷ് ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് മൂന്ന് തവണ പരാതി നൽകിയെങ്കിലും കലക്ടർ അവഗണിച്ചു,” ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ ആരോപിച്ചു.അനീഷ് ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും.


