ബെംഗളൂരു:കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നോർത്ത് ബെംഗളൂരുവിലെ കൈയേറ്റഭൂമി ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പരാമർശത്തോടാണ് ഡി.കെ. ശിവകുമാറിന്റെ മറുപടി.പിണറായി വിജയന്റെ പ്രതികരണം നിർഭാഗ്യകരമാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. മുതിർന്ന നേതാക്കളായവർ വിഷയത്തിന്റെ വസ്തുതകൾ മനസ്സിലാക്കിയ ശേഷമേ ഇത്തരം പരാമർശങ്ങൾ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ബെംഗളൂരുവിൽ നടന്നത് കൈയേറ്റഭൂമി ഒഴിപ്പിക്കലാണെന്നും അവിടെ താമസിച്ചവരിൽ വളരെ കുറച്ച് പേരെ മാത്രമാണ് തദ്ദേശീയരായി കണക്കാക്കാനാവുകയെന്നും ഡി.കെ. വ്യക്തമാക്കി.
പ്രദേശത്ത് വലിയ തോതിൽ മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെട്ടിരുന്നുവെന്നും നഗരത്തെ ചേരിയായി മാറ്റാനുള്ള ശ്രമം ഭൂമാഫിയയുടെ താൽപര്യപ്രകാരം നടക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ബെംഗളൂരു നഗരത്തെ കുറിച്ച് കർണാടക സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും നഗരവികസനത്തിന് ആവശ്യമായ നടപടികളാണ് സ്വീകരിച്ചതെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.തങ്ങൾക്ക് മനുഷ്യത്വമില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരു സമുദായത്തിനും എതിരല്ല സർക്കാർ നടപടികളെന്നും ഡി.കെ. വ്യക്തമാക്കി. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കർണാടക തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചിരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി ഞെട്ടിക്കുന്നതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് സംഘ്പരിവാറിന്റെ ആക്രമണോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.


