കോട്ടയം: പ്രണയിക്കുന്ന യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ ബി.എൻ.എസ്.എസ് പ്രകാരം കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതി മജിസ്ട്രേറ്റ് നിയത പ്രസാദ് യുവതിയെ നവംബർ 16 ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. മുൻപ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുന്നതിനു സമാനമായി ബി.എൻ.എസ്.എസിലെ 100 വകുപ്പ് പ്രകാരമാണ് യുവാവ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് കോടതിയിൽ മണിമല സ്വദേശിയായ യുവാവ് താൻ പ്രണയിക്കുന്ന യുവതിയെ വീട്ടുകാർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് കാട്ടി കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അഡ്വ.ഷാമോൻ ഷാജിയും, അഡ്വ.വിവേക് മാത്യു വർക്കിയും വഴിയാണ് യുവാവ് കോടതിയെ സമീപിച്ചത്. 30 വയസായ യുവതിയും യുവാവും പത്തു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യുവാവ് ഹിന്ദു മതത്തിൽ വിശ്വസിക്കുന്നയാളും, യുവതി ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്ന ആളുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രണയ വിവരം വീട്ടിൽ അറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് യുവാവിന്റെ പരാതി. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ രണ്ടാഴ്ച മുൻപ് യുവാവ് പഞ്ചായത്തംഗത്തെയുമായി യുവതിയുടെ വീട്ടിൽ എത്തി. രജിസ്റ്റർ വിവാഹം നടത്തി തരാമെന്ന യുവതിയുടെ വീട്ടുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യുവാവ് മടങ്ങുകയായിരുന്നു. എന്നാൽ, ഇതിന് ശേഷം യുവതിയെ വീട്ടിൽ പൂട്ടിയിടുകയും, യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
ഇതോടെയാണ് യുവാവ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജിയുമായി എത്തിയത്. ആദ്യം മണിമല പൊലീസിനോട് യുവതിയുടെ മൊഴിയെടുക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മണിമല പൊലീസ് യുവതിയെയും മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിൽ മാതാപിതാക്കളോടൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി മണിമല പൊലീസിനു മൊഴി നൽകി. ഇതേ തുടർന്ന് പൊലീസ് കോടതിയിൽ യുവതിയുടെ മൊഴി ഹാജരാക്കുകയും ചെയ്തു.
എന്നാൽ, ഇന്ന് രാവിലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവതിയെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്കു തടങ്കലിൽ പാർപ്പിക്കാൻ മാറ്റിയിരുന്നതായി യുവാവ് പറഞ്ഞു. ഇതിനിടെ തടങ്കലിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്നും യുവാവിന്റെ സുഹൃത്തിനെ വിളിച്ച യുവതി , വീടിന്റെ പിന്നിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഈ കുറിപ്പ് കോടതിയിൽ എത്തിക്കണമെന്നും യുവതി സുഹൃത്തിനോട് അഭ്യർത്ഥിച്ചു. ഇത് അനുസരിച്ച് കുറിപ്പ് യുവാവിന്റെ സുഹൃത്ത് ഇന്ന് കോടതിയിൽ എത്തിച്ചു. ഈ കുറിപ്പ് കണ്ടകോടതി യുവതിയെ നവംബർ 16 ന് കോടതിയിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു. ഹേബിയസ് കോർപ്പസിനു സമാനമായ ബിഎൻഎസ്എസിലെ വകുപ്പ് അനുസരിച്ചാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

