തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്ല്യരല്ലെന്ന തിരിച്ചറിവ് ലഭിച്ചതിന് നന്ദിയെന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അതിജീവിത പ്രതികരിച്ചത്. ട്രയൽ കോടതിയിൽ തന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ നിരവധി സംഭവങ്ങൾ എണ്ണിയെണ്ണി പറയുന്നതാണ് കുറിപ്പ്.
“എട്ടു വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നുമെല്ലാം പരിഹസിച്ചവർക്കായി ഞാൻ ഈ വിധി സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു” എന്നാണ് അതിജീവിതയുടെ കുറിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിലെ ഒന്നാം പ്രതി തന്റെ പേഴ്‌സണൽ ഡ്രൈവർ ആയിരുന്നുവെന്ന വാദം പൂർണമായും നുണയാണെന്നും അതിജീവിത വ്യക്തമാക്കുന്നു. അയാൾ തന്റെ ഡ്രൈവറോ ജീവനക്കാരനോ പരിചയമുള്ള വ്യക്തിയോ അല്ല. താൻ ജോലി ചെയ്ത സിനിമയുടെ പ്രൊഡക്ഷൻ വിഭാഗം നിയോഗിച്ച വ്യക്തിയായിരുന്നു ഇയാൾ. കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളതെന്നും അതിജീവിത പറയുന്നു.
കോടതി വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെങ്കിലും തനിക്ക് ഇതിൽ അത്ഭുതമില്ലെന്നും നടി വ്യക്തമാക്കുന്നു. 2020-ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളിലേക്ക് കേസ് അടുക്കുമ്പോൾ മാത്രം, ഇതുവരെ കൈകാര്യം ചെയ്തിരുന്ന രീതിയിൽ മാറ്റം സംഭവിക്കുന്നതായി പ്രോസിക്യൂഷനും മനസിലാക്കിയിരുന്നുവെന്നും അതിജീവിത കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
“നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാൻ തിരിച്ചറിയുന്നു -നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. ഈ തിരിച്ചറിവ് നൽകിയതിന് നന്ദി. എന്നാൽ ഉയർന്ന നീതി ബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന വിശ്വാസം ഇപ്പോഴും എനിക്കുണ്ട്” എന്നും അതിജീവിത വ്യക്തമാക്കുന്നു.


