കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിക്കാൻ പുതിയ പി.ആർ. സംഘത്തെ കേരളത്തിൽ നിയോഗിച്ചു. നിലവിൽ ബംഗളൂരു ആസ്ഥാനമായിരുന്ന പി.ആർ. ഏജൻസിയുടെ പ്രവർത്തനങ്ങളിൽ വന്ന പിഴവുകൾ അദ്ദേഹത്തിന്റെ ഇമേജിന് തിരിച്ചടിയായി മാറിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ബംഗളൂരു ടീമിന്റെ പേരിൽ പുറത്തിറങ്ങിയ പോസ്റ്റുകൾ പലതും ട്രോളുകളായി മാറിയിരുന്നു. കർക്കിടകം തുടങ്ങുന്നതിനുമുമ്പ് രാമായണ മാസാത്തിൻ്റെ ആശംസ, മോഹൻലാലിന് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ പോസ്റ്റർ, പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടിയായി ‘ലൂസിഫർ’ സിനിമയിലെ മാസ് ഡയലോഗ് ഉപയോഗിച്ച പോസ്റ്റ് തുടങ്ങിയവയാണ് വിവാദമായത്. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കുന്ന കോഴിക്കോട്ടെ ഒരു പുതിയ സംഘത്തിന് ചുമതല ഏൽപ്പിച്ചു.
പുതിയ ടീമിന്റെ പ്രധാന ചുമതല രാജീവ് ചന്ദ്രശേഖറെ “ബിസിനസ്സുകാരൻ” എന്ന പതിപ്പിൽ നിന്ന് “മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ” ആയി റീബ്രാൻഡ് ചെയ്യുകയാണ്. അതോടൊപ്പം, “കുത്തക മുതലാളി” എന്ന പ്രതിഛായ നീക്കം ചെയ്യാനായി സോഷ്യൽ മീഡിയയിൽ ദിവസേന ഏകദേശം 150-ഓളം പോസ്റ്റുകൾ സൃഷ്ടിക്കണമെന്നും നിർദ്ദേശമുണ്ട്.കൊല്ലത്ത് നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും പ്രഭാരിമാരുടെയും യോഗത്തിലാണ് രാജീവ് ചന്ദ്രശേഖർ തന്നെ പുതിയ സംഘത്തെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. ബിജെപിക്ക് ഇതിനകം കേന്ദ്ര നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സെൽ, ഔദ്യോഗിക പി.ആർ. സംവിധാനം തുടങ്ങിയവ ഉണ്ടെങ്കിലും, വ്യക്തിപരമായ പ്രതിഛായ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേകിച്ചുള്ള സംഘത്തെ അധ്യക്ഷൻ തിരഞ്ഞെടുത്തതായി പാർട്ടി പ്രവർത്തകർ സൂചിപ്പിക്കുന്നു.


