വാഷിംങ്ടൺ : ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ജോലി പോയി! ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് ആണ് ആഗോളതലത്തില്‍ 8,000 ജീവനക്കാരെ പിരിച്ചുവിടുന്നത്. ചെലവ് കുറയ്ക്കാനും എ.ഐ അധിഷ്ഠിത ഓട്ടോമേഷനിലൂടെ ഉത്പാദനം വർദ്ധിപ്പിക്കാനുമുള്ള പുന:സംഘടനയുടെ ഭാഗമായാണ് നടപടി. ഇതിനുപുറമെ 7,000 ജീവനക്കാരെ പുതുതായി രൂപീകരിച്ച എ.ഐ വിഭാഗങ്ങളിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സിംഗപ്പൂരിലെ ഏഷ്യൻ ഹബ്ബിലുള്ളവർക്കാണ് പുലർച്ചെ 4 മണിക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച ആദ്യ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചത്. എൻജിനിയറിംഗ്, പ്രൊഡക്‌ട് ടീമുകളെയാണ് ഈ നടപടി പ്രധാനമായും ബാധിക്കുക. യൂറോപ്പിലെയും യു.എസിലെയും ജീവനക്കാർക്കും ഉടൻ അറിയിപ്പ് ലഭിക്കും. നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മാർച്ച് അവസാനത്തെ കണക്കനുസരിച്ച് 80,000 ജീവനക്കാരാണ് മെറ്റയിലുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറിയ ടീമുകളിലൂടെ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും വേഗത്തിലും പ്രവർത്തിക്കാൻ പുതിയ ഘടന സഹായിക്കുമെന്ന് മെറ്റാ പീപ്പിള്‍ ഹെഡ് ജനീല്‍ ഗെയ്ല്‍ പറഞ്ഞു. ഗൂഗിള്‍, ഓപ്പണ്‍ എ.ഐ തുടങ്ങിയ എതിരാളികളോട് മത്സരിക്കാൻ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന് (എ.ഐ) മുൻഗണന നല്‍കുന്ന മാർക്ക് സക്കർബർഗിന്റെ നയമാണ് വൻതോതിലുള്ള ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍. എ.ഐ സാങ്കേതികവിദ്യയ്ക്കായി 100 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
തുടർച്ചയായ പിരിച്ചുവിടലുകള്‍ ജീവനക്കാർക്കിടയില്‍ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. എ.ഐ പരിശീലനത്തിനായി ജീവനക്കാരുടെ ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ആയിരത്തിലധികം പേർ ഒപ്പിട്ട നിവേദനം സക്കർബർഗിന് സമർപ്പിച്ചു. അതേസമയം, മെറ്റയുടെ അമിതമായ എ.ഐ നിക്ഷേപം ലാഭകരമാകുമോ എന്ന കാര്യത്തില്‍ നിക്ഷേപകർക്കും ആശങ്കയുണ്ട്. പിരിച്ചുവിടലിലൂടെ 3 ബില്യണ്‍ ഡോളർ ലാഭിക്കാമെന്ന് കണക്കാക്കുമ്പോഴും കമ്പനിയുടെ ആകെ മൂലധനച്ചെലവ് 145 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്.


