നിശ്ശബ്ദമായി ശിൽപനാശം;രാത്രിയുടെ മറവിൽ മത്സ്യകന്യകയ്ക്ക് അവസാനം; ആലപ്പുഴയുടെ 30 വർഷത്തെ ചാരുത ഒടുവിൽ ചരിത്രമായി

ആലപ്പുഴ :ആലപ്പുഴ നഗരത്തിന്റെ കനാൽ തീരസൗന്ദര്യത്തിന്റെ ഭാഗമായ മൂന്നര ദശാബ്ദത്തിലേറെ പഴക്കമുള്ള മത്സ്യകന്യക ശിൽപം രാത്രിയുടെ മറവിൽ അതീവ രഹസ്യമായി തകർത്തു. ജില്ലാ കോടതിപ്പാലത്തിന്റെ പുനർനിർമാണത്തിന് ശിൽപം തടസ്സമാണെന്ന കിഫ്ബിയുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ 50 ടൺ ഭാരമുള്ള ശിൽപം തകർത്തത്.പുലർച്ചെയോടെയാണ് നാട്ടുകാരില്ലെന്ന് ഉറപ്പാക്കി ബുൾഡോസർ ഉപയോഗിച്ച് ശിൽപം ഇടിച്ചുനീക്കിയത്.

Advertisements

പ്രവർത്തനത്തിനായി വൈഎംസിഎ മുതൽ പൊലീസ് ഔട്ട്‌പോസ്റ്റ് വരെയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.1992-ൽ ആലപ്പുഴ വികസന അതോറിറ്റിയുടെ മുന്നേറ്റത്തിൽ കണിയാപുരം വിജയകുമാർ എന്ന പ്രശസ്ത ശിൽപി നിർമിച്ച ഈ മത്സ്യകന്യക, നഗരത്തിലെ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി കനാൽ തീരങ്ങളിൽ സ്ഥാപിച്ച 11 പ്രധാന ശിൽപങ്ങളിൽ ഒന്നായിരുന്നു. ശിൽപം നിർമാണപ്രവർത്തനങ്ങൾക്കിടെ പൊളിക്കേണ്ടി വരുമെന്ന വാർത്തയ്‌ക്കെതിരെ നഗരവാസികളും കലാരംഗത്തുള്ളവരും ശക്തമായി പ്രതികരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിൽപത്തിൽ കേടുപാടുകൾ വരാതെ മാറ്റിപ്പാർപ്പിക്കാൻ വിവിധ മാർഗങ്ങൾ പരിഗണിച്ചിരുന്നുവെങ്കിലും ഒന്നും ഫലപ്രദമായില്ല. 50 ടൺ ഭാരമുള്ള ശിൽപം പൊക്കാൻ 150–200 ടൺ ശേഷിയുള്ള ക്രെയ്ൻ ആവശ്യമുണ്ടായിരുന്നു. ഖലാസികളുടെ സഹായത്തോടെ ശിൽപം ഉയർത്താനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് അവസാന പരിഹാരമായി പൊളിക്കൽ തിരഞ്ഞെടുക്കിയത്. ശിൽപം മാറ്റിപ്പാർപ്പിക്കാൻ 40 ലക്ഷം രൂപ ചെലവ് വരുമെന്ന് കണക്കാക്കിയപ്പോൾ, പുതിയ ശിൽപം 20 ലക്ഷം രൂപ ചെലവിൽ നിർമിക്കാനാകും എന്നതും ഭരണകൂടം നിരൂപിച്ചു.മത്സ്യകന്യകയുടെ പകരക്കാരനായി പുതിയൊരു ശിൽപം നിർമ്മിച്ച് അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന തീരുമാനം എം.എൽ.എ പി. ചി. ചിത്തരഞ്ജൻ, കലക്ടർ, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർ തമ്മിലുള്ള യോഗത്തിൽ മുമ്പേ എടുത്തിരുന്നു. എന്നാല്‍ ഇപ്പോൾ അതിനെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്.

ജില്ലാകോടതിപ്പാലത്തിന്റെ നിർമാണം 2026 ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന കരാർ വ്യവസ്ഥയുണ്ട്. അവശേഷിക്കുന്ന 75% പ്രവൃത്തികളും നിർദ്ദേശിച്ച സമയത്തിനകം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പിനൊടുവിലാണ് ശിൽപം അടിയന്തരമായി തകർത്ത് നീക്കം ചെയ്തത്. ശക്തമായ അടിത്തറയിൽ നിന്നുണ്ടാക്കിയ ശിൽപം തകർക്കാൻ അഞ്ചുമണിക്കൂറിലേറെ കഠിനാധ്വാനം വേണ്ടിവന്നതായി റിപ്പോർട്ടുണ്ട്. ശിൽപത്തിന്റെ അടിത്തറയിലെ ഭാഗം നീക്കം ചെയ്യേണ്ടതില്ലാത്തതിനാൽ അവിടെത്തന്നെ നിലനിൽക്കുന്നതായി വ്യക്തമാക്കി.

Hot Topics

Related Articles