പുനലൂർ:സഹപ്രവർത്തകരായ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നുമാണ് ഉത്തരവ്. കൊല്ലം നാലാം സെഷൻസ് കോടതി ജഡ്ജി സി.എം. സീമയാണ് ശിക്ഷ വിധിച്ചത്.പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസിൽ മഞ്ജുവിനെ (36) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് മണികണ്ഠൻ (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മഞ്ജുവിന്റെ മക്കൾക്ക് വിക്‌ടിം കോംപൻസേഷൻ ആക്ട് പ്രകാരം ധനസഹായം ലഭ്യമാക്കണമെന്നും വിധിയിൽ നിർദേശമുണ്ട്.
2022 ഫെബ്രുവരി 9 നായിരുന്നു കൊലപാതകം. അന്ന് രാത്രി എട്ടുമണിയോടെ ഭർത്താവ് മണികണ്ഠൻ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണിൽ അറിയിച്ചിരുന്നു. രാത്രി 12ന് മഞ്ജുവിന്റെ ഫോണിൽ നിന്ന് അച്ഛന് വിളി വന്നെങ്കിലും പെട്ടെന്ന് ഫോൺ കട്ട് ആയി. പിന്നീട് തിരിച്ച് വിളിച്ചപ്പോൾ മണികണ്ഠൻ ഫോൺ എടുത്ത് മഞ്ജു ഉറങ്ങുകയാണെന്ന് പറഞ്ഞു.അടുത്ത ദിവസം പുലർച്ചെ അഞ്ചുമണിയോടെ മഞ്ജുവിന്റെ അമ്മ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനാൽ സഹോദരൻ മനോജ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച് കത്തിയുമായി മണികണ്ഠൻ വീട്ടിൽ നിൽക്കുകയായിരുന്നു.മഞ്ജുവിനെ കൊലപ്പെടുത്തിയതായി സംഭവദിവസം രാത്രി തന്നെ മണികണ്ഠൻ അയൽക്കാരെയും മഞ്ജുവിന്റെ സഹപ്രവർത്തകരെയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ മദ്യപിച്ച് വഴക്കുണ്ടാകുന്ന ദിവസങ്ങളിൽ ഇത്തരം വിളികൾ പതിവായിരുന്നതിനാൽ ഇത് അവർ ഗൗരവമായി എടുത്തിരുന്നില്ല.പുനലൂർ പൊലീസ് ഇൻസ്പെക്ടർ ടി. രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കുന്നത്തൂർ കെ.കെ. ജയകുമാർ ഹാജരായി. എ. വിദ്യ പ്രോസിക്യൂഷൻ സഹായിയായി.അതേസമയം, മഞ്ജുവിന്റെ മരണത്തോടെ മക്കൾ അനാഥാവസ്ഥയിലാണ്. ആദ്യം മഞ്ജുവിന്റെ അമ്മയും അച്ഛനും കുട്ടികളെ സംരക്ഷിച്ചിരുന്നെങ്കിലും അച്ഛൻ അർബുദം ബാധിച്ച് മരണപ്പെട്ടു. പിന്നീട് ഇടിമിന്നലേറ്റ് അമ്മയും മരിച്ചതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏക സഹോദരൻ മനോജിന്റെ ചുമലിലായി.
ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തോടൊപ്പം മഞ്ജുവിന്റെ മക്കളെയും സംരക്ഷിക്കുകയാണ് മനോജ്. മഞ്ജുവിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യതകളും, അച്ഛനും അമ്മയും മണിയാർ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയും ഇതുവരെ തീർക്കാനായിട്ടില്ല. ആകെയുള്ള ഒമ്പത് സെന്റ് ഭൂമി ജപ്തി ഭീഷണിയിലാണുള്ളത്.ജീവിതം വലിയ ചോദ്യചിഹ്നമായി നിൽക്കുമ്പോഴും സഹോദരിയുടെ കൊലപാതകിയെ നിയമത്തിനു മുന്നിൽ എത്തിച്ച് ഉചിതമായ ശിക്ഷ ഉറപ്പാക്കാനായ ആശ്വാസത്തിലാണ് മനോജ്.


