ന്യൂഡൽഹി:കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലി 19കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ രോഹിണിയിലാണ് ക്രൂരമായ ആക്രമണം നടന്നത്. സുഹൃത്തുക്കളായ രത്തൻ, ശ്യാംവീർ എന്നിവരാണ് അറസ്റ്റിലായത്.പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, 19 വയസ്സുള്ള കുല്‍ദീപ് പ്രതികളിലൊരാളായ രത്തനിൽ നിന്ന് 2,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെയാണ് രത്തനും സുഹൃത്ത് ശ്യാംവീറും ചേർന്ന് കുല്‍ദീപിനെ ആക്രമിച്ചത്.
കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതികൾ കുല്‍ദീപിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ആക്രമണത്തിനിടെ കുല്‍ദീപിനെ രക്ഷിക്കാൻ ശ്രമിച്ച ആദിത്യ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ കിടന്ന കുല്‍ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുല്‍ദീപ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.


