ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടും; ശബരിമല തീർഥാടന ഒരുക്കങ്ങൾക്ക് മാറ്റമില്ല

തിരുവനന്തപുരം:ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനകാലം കഴിയുവോളം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുനഃസംഘടന വേണ്ടെന്ന ധാരണയിൽ സർക്കാർ. നിലവിലെ പ്രസിഡൻറ് പി.എസ്. പ്രശാന്ത് അധ്യക്ഷനായ ബോർഡിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. നവംബർ 10ന് കാലാവധി അവസാനിക്കുന്നതിനാൽ ഉടൻ തന്നെ ഇതുസംബന്ധിച്ച് ഓർഡിനൻസ് പുറത്തിറക്കുമെന്നാണ് സൂചന.

Advertisements

സിപിഎമ്മിനും സിപിഐയ്ക്കും ഇതേ നിലപാടാണ്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രശാന്തിനെ തുടർന്നും നിലനിർത്താനുള്ള തീരുമാനം എടുത്തതായി അറിയുന്നു. തീർഥാടനത്തിന് മുൻപായി ഭരണസമിതിയെ മാറ്റുന്നത് ഒരുക്കങ്ങളെയും ക്രമീകരണങ്ങളെയും ബാധിക്കുമെന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ.കഴിഞ്ഞ വർഷം വലിയ വിവാദങ്ങളോ പരാതികളോ കൂടാതെ തീർഥാടനം പൂർത്തിയാക്കാനായതിനാൽ നിലവിലെ ബോർഡിന്റെ പ്രവർത്തനത്തിൽ സർക്കാർ തൃപ്തിയിലാണെന്ന് വിലയിരുത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമല സ്വർണകവർച്ച കേസിൽ ഹൈക്കോടതി വിധിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കുറിച്ചുള്ള പരാമർശം ഉണ്ടായതിനെ തുടർന്ന് കോൺഗ്രസും ബിജെപിയും പ്രശാന്തിനെ നീക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവാദം നിലനിൽക്കുന്ന സമയത്ത് പ്രസിഡന്റിനെ മാറ്റുന്നത് “കുറ്റസമ്മതം” ആയി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയിലാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കുമെന്നും വിലയിരുത്തൽ.

പ്രബല സമുദായ സംഘടനയിലെ ഭാരവാഹിയെയും മുതിർന്ന സിപിഎം നേതാവിനെയും പ്രസിഡന്റായി പരിഗണിച്ചെങ്കിലും, വിവാദങ്ങൾ നിലനിൽക്കുമ്പോൾ ആ സ്ഥാനമേറ്റെടുക്കുന്നത് തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടർന്ന് അത് ഉപേക്ഷിച്ചു.അതേസമയം, ഹൈക്കോടതി വിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ സമീപിച്ചേക്കും. കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് ചേർന്ന പി.എസ്. പ്രശാന്ത് 2023ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു.

Hot Topics

Related Articles