ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുഞ്ഞ് വീണത് സംശയാസ്പദം; കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ

തളിപ്പറമ്പ് (കണ്ണൂർ):കണ്ണൂരിൽ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ.കുഞ്ഞിനെ എറിഞ്ഞ് കൊന്നതാണെന്ന സൂചന പുറത്തുവന്നു. പൊക്കുണ്ട് ഡെയറി ജുമാ മസ്‌ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ രണ്ടിൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയപുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ (2 മാസം) ആണ് മരിച്ചത്.ഇന്നലെ രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ വീടിന്റെ കുളിമുറിയോട് ചേർന്ന കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

Advertisements

മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഗ്രില്ലും ആൾമറയും ഘടിപ്പിച്ച കിണറ്റിൽ കുഞ്ഞ് എങ്ങനെ വീണുവെന്നതിൽ സംശയം ശക്തമായിരുന്നു.കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നതെങ്കിലും കുളിമുറിയോട് ചേർന്ന് തുറന്നുവെച്ച ഭാഗത്തുകൂടി കുഞ്ഞ് വീണതാണെന്നായിരുന്നു ബന്ധുക്കളുടെ വിശദീകരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണാശുപത്രിയിലേക്കും തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ വൈകിട്ട് തന്നെ മുബഷിറയെ ചോദ്യം ചെയ്‌തു. ഇന്നും ചോദ്യം ചെയ്യൽ തുടർന്നതോടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞതായിരിക്കാമെന്ന സൂചന ലഭിച്ചു.

മുബഷിറ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ വീട്ടിലാണെന്ന് പൊലീസ് അറിയിച്ചു.കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ നിന്ന് ലഭ്യമാകുമെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കി.കുട്ടിയുടെ പിതാവ് ജാബിർ കടക് കുശാൽ നഗറിൽ വ്യാപാരിയാണ്. സഹോദരങ്ങൾ: സഫ, അൽത്താഫ്, അമൻ.

Hot Topics

Related Articles