തിരുവനന്തപുരം:റാപ്പർ വേടനൊപ്പം വേദിയിലെത്തി രാജ്യസഭാ എംപി എ.എ.റഹീം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന വേടന്റെ സംഗീത പരിപാടിക്കിടെയാണ് റഹീം വേദിയിലെത്തിയത്. കൈയടികളോടെയാണ് സദസ് അദ്ദേഹത്തെ സ്വീകരിച്ചത്. റഹീം പാട്ടുപാടണമെന്ന ആവശ്യവും കാണികളിൽ നിന്ന് ഉയർന്നു.വേടന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടത് തനിക്ക് നിർബന്ധമായിരുന്നുവെന്ന് വേദിയിൽ സംസാരിച്ച റഹീം പറഞ്ഞു. ബംഗളൂരുവിൽ നിന്ന് നേരിട്ടാണ് പരിപാടിക്കെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിൽ 200 വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്ത സംഭവങ്ങൾ കണ്ടാണ് താൻ ഇവിടെ എത്തുന്നതെന്നും റഹീം പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾ തെരുവിലായ സാഹചര്യത്തിൽ നിന്നാണ് താൻ വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആട്ടിയിറക്കപ്പെടുന്നവർക്ക് ശബ്ദമില്ലാതാകുന്ന സമയങ്ങളിൽ അവരുടെ ശബ്ദമായി മാറുന്നവനാണ് വേടനെന്ന് റഹീം പറഞ്ഞു. ബുൾഡോസറുകൾ കയറിയിറങ്ങിപ്പോകുമ്പോൾ ശബ്ദമില്ലാതായി പോകുന്നവർക്കുവേണ്ടിയാണ് വേടന്റെ പാട്ടുകളെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഈ പരിപാടിയിൽ എത്തണമെന്നത് തനിക്ക് നിർബന്ധമായിരുന്നുവെന്നും റഹീം വ്യക്തമാക്കി.വേടനെ തന്റെ നാട്ടിൽ വച്ച് ചേർത്തുനിർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എ.എ.റഹീം പറഞ്ഞു.


