ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് നടത്തിയ വാളയാറിലെ വംശീയ കൊല:തെളിവുണ്ടായിട്ടും ആള്‍ക്കൂട്ട കൊലപാതക വകുപ്പ് ചുമത്താതെ പൊലീസ്

വാളയാർ:വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ വംശീയമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ആൾക്കൂട്ട കൊലപാതക വകുപ്പ് ചുമത്താതെ പൊലീസ്. രാം നാരായണന്റെ കൊലപാതകത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ അറിയിച്ചെങ്കിലും, ആൾക്കൂട്ട കൊലപാതക വകുപ്പ് ചുമത്തുന്നതിനെക്കുറിച്ച് വ്യക്തത നൽകിയില്ല.പാലക്കാട് വാളയാറിൽ നടന്ന കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

Advertisements

എസ്.സി എസ്.ടി അട്രാസിറ്റി അടക്കമുള്ള കൂടുതൽ വകുപ്പുകൾ കേസിൽ ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി.ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരായണനെ ആർഎസ്‌എസ് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ബംഗ്ലാദേശിയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതോ എന്നതും പരിശോധിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും, ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസുമായി ബന്ധപ്പെട്ട പലരും ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇതുവരെ കേസിൽ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പുകൾ ചുമത്തിയിട്ടില്ല.റിമാൻഡ് റിപ്പോർട്ടിൽ രാം നാരായണനെ പ്രതികൾ ക്രൂരമായി മർദിച്ചതായി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ തലക്കും മുതുകിനും ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്.

ഈ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, സർക്കാരുമായി നടത്തിയ ചർച്ചയിൽ 10 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പുനൽകിയതിനെ തുടർന്ന് രാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ സമ്മതിച്ചു. മൃതദേഹം എത്രയും വേഗം ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles