രണ്ട് മാർക്ക് കുറഞ്ഞതിന് ക്രൂരമർദനം:കൊല്ലത്ത് ട്യൂഷൻ അധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു തകർത്തു

കൊല്ലം:ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ കണക്കിന് രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. കൊല്ലം ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലാണ് സംഭവം.കഴിഞ്ഞ ദിവസം നടത്തിയ ക്ലാസ് പരീക്ഷയിൽ 40ൽ 38 മാർക്ക് ലഭിച്ചതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷ് കുട്ടിയെ കൈയിലടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisements

സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ട്യൂഷൻ സെന്ററിലെത്തി സ്ഥാപനത്തിൽ നാശനഷ്ടങ്ങൾ വരുത്തി. മർദനത്തിന്റെ കാരണം അന്വേഷിച്ച രക്ഷിതാക്കളോട്, പഠിപ്പിച്ച കണക്ക് ബോധപൂർവ്വം കുട്ടി തെറ്റിച്ചതിനാലാണ് ശിക്ഷിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകൻ പറഞ്ഞതെന്ന് ആരോപണം ഉണ്ട്.കഴിഞ്ഞ നാല് മാസമായി ഇവിടെ നൈറ്റ് ക്ലാസുകൾ നടന്നുവരികയായിരുന്നുവെന്നും, മിക്ക ദിവസങ്ങളിലും ക്ലാസ് ടെസ്റ്റുകൾ പതിവായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. ഇതേ ട്യൂഷൻ സെന്ററിലെ മറ്റ് നിരവധി കുട്ടികൾക്കും മർദനമേറ്റിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം പുറത്തുവന്നതോടെ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ട്യൂഷൻ സെന്ററിനും അധ്യാപകനുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles