പാലക്കാട്: സർക്കാരിന്റെ രേഖകളിൽ ‘അതിദരിദ്രർ’ ആയി കണക്കാക്കപ്പെടാത്തവരായ അകമലവാരം എലവുത്താൻപാറ ആദിവാസി ഉന്നതിയിലെ കെ.രാജനും കുടുംബവും മനുഷ്യാവകാശങ്ങൾ പോലും നഷ്ടപ്പെട്ട ജീവിതത്തിലാണ്. രാജനും ഭാര്യ ഉഷയും 13 വയസ്സുകാരനായ മകൻ രാജീവിയുമാണ് കുടുംബത്തിൽ. മലമ്പുഴ അണക്കെട്ട് നിറഞ്ഞാൽ ഒലിച്ചുപോകാവുന്ന ഓലക്കൂരയാണ് ഇവരുടെ വീട്.കൂരയ്ക്കുള്ളിൽ മൺകലയും ചട്ടിയും രണ്ടെണ്ണം സ്‌റ്റീൽ പാത്രങ്ങളും ഗ്ലാസുകളും മാത്രമേയുള്ളൂ. ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ വീടിന് ചുറ്റും മലിനജലം നിറഞ്ഞു. മുട്ടോളം വെള്ളം കടന്ന് മാത്രമേ അകത്ത് കടക്കാനാവൂ. ഉറക്കത്തിനിടയിൽ വെള്ളത്തിലൂടെ പാമ്പുകൾ കയറിയെത്തുന്ന അവസ്ഥയാണ്.
കഴിഞ്ഞ രാത്രി മകൻ രാജീവി കിടന്ന ഭാഗത്ത് പാമ്പിനെ കണ്ടതായി അമ്മ ഉഷ പറയുന്നു.ഇവിടെയുള്ള മറ്റു ഏഴ് കുടുംബങ്ങളും സമാനമായ കഷ്ടതയിലാണ്. മൂന്നു കുടുംബങ്ങൾക്ക് നാല് സെന്റ് വീതം ഭൂമി സർക്കാർ നൽകിയതായി രേഖയുണ്ടെങ്കിലും ആ സ്ഥലമെവിടെയെന്ന് അറിയില്ല. രണ്ടുപേർക്ക് നൽകിയ സ്ഥലം കാട്ടാനശല്യം രൂക്ഷമായ കഞ്ചിക്കോട്ടെ കാടിനരികിലാണെന്ന് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടച്ചുറപ്പില്ലാത്ത വീട്ടിൽ രോഗങ്ങളോട് പോരാട്ടം
ആലപ്പുഴ
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ചെത്തി കോയിൽപറമ്പിൽ ബിൻസി എന്ന നെഴ്സ് ജീവിത പോരാട്ടത്തിൽ. കാൻസർ രോഗിയായ പിതാവ് ജോസഫ് ക്ലീറ്റസ് (64)യും മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ലൂസിയും കൂടെയാണ് ബിൻസി താമസിക്കുന്നത്. ജോലിക്കുപോകാനും കഴിയാത്ത അവസ്ഥയിൽ മാതാപിതാക്കളുടെ കാവലിലാണ് അവൾ.മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് ഒരു വർഷമായി കിടപ്പിലാണ്. സഹോദരന്മാരായ വിനീത് (23)യും വിപിൻ (18)യും യഥാക്രമം അപസ്മാരവും വൃക്കരോഗവും മൂലം മരണപ്പെട്ടു.
അവരുടെ ചികിത്സയ്ക്കായി 10 സെന്റ് ഭൂമി പണയം വെച്ചതും ഇപ്പോൾ ജപ്തിയാവാനിരിക്കുകയാണ്. മക്കളുടെ മരണം അമ്മ ലൂസിയെ മാനസികമായി തകർത്തിരിക്കുകയാണ്.സർക്കാരിന്റെ സഹായനടപടികൾ ‘അതിദരിദ്രർ’ എന്ന കാറ്റഗറിയിൽ കുടുങ്ങിക്കിടക്കുമ്പോൾ, അതിനപ്പുറം വലയുന്നവർക്ക് ഇനി ആരാണ് കരുതൽ നൽകേണ്ടത് എന്നതാണ് ചോദ്യം.


