കൊച്ചി:തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ നടൻ വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം (ടിവികെ) സജീവ നീക്കങ്ങൾ ആരംഭിച്ചു. അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.ടിവികെയുടെ കേരള ഘടന പ്രഖ്യാപനത്തിനും പാർട്ടി പ്രവർത്തനം വിപുലീകരിക്കുന്നതിനുമായി വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. കേരളത്തിലെ സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക ചർച്ചകളാണ് യോഗത്തിൽ നടന്നതെന്നാണ് വിവരം.
ഇതിനിടെ, ടിവികെ സംഘടിപ്പിക്കുന്ന സമത്വ ക്രിസ്മസ് ആഘോഷം ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കും. ഈ പരിപാടിയും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം ബിഹാറിലെ ഹം പാർട്ടിയും കേരളത്തിൽ സംഘടനാ ഘടനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.വിജയിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ മുന്നണി സമവാക്യങ്ങൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കരുതലോടെയാണ് നീങ്ങുന്നത്. വിജയ് ടിവികെയെ മുന്നിൽ നിർത്തി രാഷ്ട്രീയ പ്രവർത്തനം ശക്തമാക്കിയതോടെ, ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴുമെന്ന ആശങ്ക ഭരണകക്ഷിക്കിടയിൽ ശക്തമാണ്.ഇതിന്റെ ഭാഗമായി, പതിവായി ചെന്നൈയിൽ സംഘടിപ്പിച്ചിരുന്ന ഡിഎംകെയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഇത്തവണ ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള തിരുനെൽവേലിയിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയ് ക്രിസ്ത്യാനിയായതിനാൽ ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ ടിവികെയിലേക്ക് വഴിമാറാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്താണ് നീക്കം. തിരുനെൽവേലിയിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്തു.ക്രിസ്മസ് പരിപാടിയുടെ ഭാഗമായി സ്റ്റാലിൻ വൻ പ്രഖ്യാപനങ്ങളും നടത്തി. എയ്ഡഡ് കോളേജുകളിലെ നിയമന സമിതികളിൽ നിന്ന് സർവകലാശാലാ പ്രതിനിധികളെ ഒഴിവാക്കി. വിശുദ്ധ നാട് തീർത്ഥാടനത്തിനുള്ള സബ്സിഡി വർധിപ്പിച്ചു. പുരാതന പള്ളികളുടെ നവീകരണത്തിന് ഗ്രാന്റ് അനുവദിച്ചു. സെമിത്തേരികൾക്കായി ഭൂമി അനുവദിക്കുന്നതടക്കമുള്ള ദീർഘകാല ആവശ്യങ്ങളും സർക്കാർ നിറവേറ്റിയിട്ടുണ്ട്.
പരമ്പരാഗതമായി ഡിഎംകെ മുന്നണിയെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ തങ്ങളോടൊപ്പം നിലനിർത്തുകയാണ് സ്റ്റാലിന്റെ പ്രധാന ലക്ഷ്യം. അതേസമയം, നാളെ വിജയ് നടത്തുന്ന ക്രിസ്മസ് പരിപാടിയും തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവയ്ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.


