കൊല്ലം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ മിന്നൽ പരിശോധനയിൽ കെഎസ്‌ആർടിസി ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-നാണ് കാലാവധി അവസാനിച്ചത്.കൊല്ലം ആയൂരിൽ, ബസിന്റെ മുന്നിൽ പ്ലാസ്റ്റിക് കുപ്പി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി വാഹനവുമായി പിന്നാലെ ചെന്നു ബസ് തടഞ്ഞുനിർത്തിയത്. ബസിനുള്ളിൽ വൃത്തിയില്ലാതെ പ്ലാസ്റ്റിക് മാലിന്യം കിടക്കുകയായിരുന്നു എന്നും, ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കണ്ടക്ടറെയും ഡ്രൈവറെയും മന്ത്രി പരസ്യമായി ശകാരിക്കുകയും ചെയ്തു.
“ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ഇതിനകം തന്നെ സിഎംഡി നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പാലിക്കാത്തതിന് നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ യാത്രയ്ക്കുള്ള സംവിധാനമായതിനാൽ കെഎസ്‌ആർടിസി ബസുകൾ ഒരിക്കലും ഇങ്ങനെ വൃത്തികേടാക്കാൻ പാടില്ല” ജീവനക്കാരോട് മന്ത്രി മുന്നറിയിപ്പ് നൽകി.മന്ത്രിയുടെ ഇടപെടൽ ചർച്ചയായിരിക്കുകയാണ്. വൃത്തിയില്ലായ്മക്കെതിരായ നടപടിയെ പലരും പ്രശംസിച്ചപ്പോൾ, ജീവനക്കാരെ പരസ്യമായി ശകാരിച്ചതിൽ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

