തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ 52 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം. നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജെ. ജോസ് ഫ്രാങ്ക്ലിൻ വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് നിരന്തരം സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.ജോസ് ഫ്രാങ്ക്ലിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ വീട്ടമ്മക്ക് ചിട്ടിയുണ്ടായിരുന്നതായും, ഒരു വായ്പയും നിലവിലുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.
മറ്റൊരു വായ്പയ്‌ക്കായി സമീപിച്ച സമയത്താണ് സാമ്പത്തിക ചൂഷണം നടന്നതെന്നാണു സംശയം.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തിയ നിലയിലാണ് വീട്ടമ്മയെ കണ്ടെത്തിയത്. ആദ്യം അടുപ്പിൽനിന്ന് തീ പടർന്നുണ്ടായ അപകടമാണെന്ന് കരുതിയെങ്കിലും, തുടർന്ന് വീട്ടിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് അന്വേഷണത്തിന്റെ ദിശ മാറ്റി.വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പും വഞ്ചനയും നടത്തിയെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് നെയ്യാറ്റിൻകര എസ്‌എച്ച്‌ഒ എസ്.ബി. പ്രവീൺ പറഞ്ഞു. മകനും മകളും വേണ്ടി വീട്ടമ്മ വേർതിരിച്ച് കുറിപ്പുകൾ എഴുതി വച്ചതായും പൊലീസ് അറിയിച്ചു.


