പ്രണയബന്ധം എതിർത്തു; 17കാരിയെ സ്വന്തം അച്ഛനും സഹോദരനും വെടിവെച്ച് കൊന്നു

ഷാംലി (ഉത്തർപ്രദേശ്): 17 കാരിയായ പെൺകുട്ടിയെ സ്വന്തം അച്ഛനും പ്രായപൂർത്തിയാകാത്ത സഹോദരനും ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംബേഹ്ത എന്ന സ്ഥലത്താണ് ഞായറാഴ്ച വൈകിട്ട് സംഭവം നടന്നത്.ദുരഭിമാന കൊല എന്ന സംശയത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.മുസ്‌കാൻ (17) എന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മുസ്‌കാൻ, പ്രദേശത്തെ ഒരു യുവാവിനോടൊപ്പം പ്രണയത്തിലായിരുന്നുവെന്നും ഇതിനെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.ഞായറാഴ്ച വൈകിട്ട് ഫോണിൽ സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ അച്ഛൻ ജുൽഫാം, മകളെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. 15 കാരനായ മകനും കൊലയ്ക്ക് കൂട്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിനു പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി എൻ.പി. സിങ് അറിയിച്ചു.

Advertisements

Hot Topics

Related Articles