കണ്ണൂർ: പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്കായി ഉപയോഗിച്ച ക്യാമറ ഓൺലൈൻ വഴിയാണ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഷർട്ടിൽ ഘടിപ്പിച്ചിരുന്നത് ബട്ടൺ ക്യാമറയായിരുന്നു. ഇതിന് ലൈവ് സ്ട്രീമിങ് സംവിധാനവും ഉണ്ടായിരുന്നു.മൈക്രോ ഇയർഫോൺ ചെവിയിൽ ഒളിപ്പിച്ച് ഉത്തരങ്ങൾ കേട്ടതായും ഫോണിനെ ശരീരത്തിൽ ഒളിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയായ മുഹമ്മദ് സഹദിന് വീട്ടിലിരുന്ന കൂട്ടാളി സബീൽ തന്നെയാണ് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തത്. ലൈവ് സ്ട്രീമിംഗിന് പ്രത്യേക ആപ്പും ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.നാലുതവണ ഇതേ രീതിയിൽ പരീക്ഷയെഴുതി കോപ്പിയടിക്കാൻ സാധിച്ച പ്രതികൾ അഞ്ചാം ശ്രമത്തിനിടയിലാണ് പിടിയിലായത്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. കണ്ണൂർ പയ്യാമ്പലം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സഹദിനെ പൊലീസ് പിടികൂടുകയായിരുന്നു.മുൻപ് എഴുതിയ പരീക്ഷകളിൽ പ്രതികൾ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് ഹൈടെക് കോപ്പിയടി പിടികൂടാൻ കാരണമായത്. പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ സഹദ് കോപ്പിയടിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതോടെയാണ് പൊലീസിനെ അറിയിച്ചത്.പൊലീസെത്തിയപ്പോൾ സഹദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.

