ആലപ്പുഴ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് 25.5 ലക്ഷം രൂപ തട്ടിയ കേസിൽ തമിഴ്നാട് സ്വദേശിയായ പ്രതി സത്യനാരായണൻ (60) റിമാൻഡിലായി. കാഞ്ചീപുരം ഇഞ്ചമ്ബാക്കം സ്വദേശിയായ ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിമാൻഡ് ചെയ്തത്. അതെ കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഷ്താഖ് ബക്കീറിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പരാതിക്കാരനുമായി സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്.
വ്യാജ ഷെയർ ട്രേഡിങ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ വശീകരിച്ചു. രണ്ടുമാസത്തിനിടയിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടമായത്. ആപ്പിൽ പണമിടപാടുകൾ കാണാതെ വന്നപ്പോൾ കൂടുതൽ തുക അയച്ചാൽ ഇരട്ടിയായി നൽകാമെന്ന് പറഞ്ഞതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.പരാതിയെ തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിൽ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും ഇതുവരെ 11 ലക്ഷത്തോളം രൂപ പരാതിക്കാരന് തിരികെ ലഭിച്ചതായും പൊലീസ് അറിയിച്ചു. മറ്റ് അക്കൗണ്ടുകളിൽ മരവിപ്പിച്ച തുക ലഭിക്കാൻ കോടതി നടപടികൾ പുരോഗമിക്കുകയാണ്.അറസ്റ്റിലായ സത്യനാരായണന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പരാതിക്കാരൻ പണം മാറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത് പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന ഇയാളെ പ്രൊഡക്ഷൻ വാറണ്ട് മുഖേന ആലപ്പുഴ ചീഫ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പുതിയ കേസിൽ റിമാൻഡ് ചെയ്തത്.
ആന്ധ്രാപ്രദേശ്, കര്ണാടക, പഞ്ചാബ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, ബിഹാർ, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ 23 തട്ടിപ്പ് കേസുകൾ കൂടി നിലനിൽക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈഎസ്.പി സന്തോഷ് എം.എസിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐ ശരത്ചന്ദ്രൻ വി.എസ്, എ.എസ്.ഐ അജയകുമാർ എം., സീ.പി.ഒ ഗിരീഷ് എസ്.ആർ, റികാസ് കെ എന്നിവർടങ്ങുന്ന സംഘം അന്വേഷണം നടത്തുന്നുണ്ട്.


