‘നിങ്ങള്‍ക്ക് ഇറാനെ അത്രയധികം ഇഷ്ടമാണെങ്കില്‍, എന്തുകൊണ്ട് ഇറാനിലേക്ക് പോകുന്നില്ല’’! ഇറാനെ പിൻ തുണച്ച ഷിയാ മുസ്ലിങ്ങള്‍ക്ക് കർശന താക്കീത് നല്‍കി പാക്ക് സൈനിക മേധാവി അസിം മുനീർ

ഇസ്ലാമാബാദ്: ഇറാൻ വിഷയത്തില്‍ പാക് സൈനിക മേധാവി ഷിയാ മുസ്ലിങ്ങള്‍ക്ക് കർശന താക്കീത് നല്‍കിയതായി റിപ്പോർട്ട്.’നിങ്ങള്‍ക്ക് ഇറാനെ അത്രയധികം ഇഷ്ടമാണെങ്കില്‍, എന്തുകൊണ്ട് ഇറാനിലേക്ക് പോകുന്നില്ല’ എന്ന് അസിം മുനീർ ചോദിച്ചതായി ഷിയ പണ്ഡിതനായ അല്ലാമ ഷിഫ നജാഫി ആരോപിച്ചു. മാർച്ച്‌ 19 നാണ് പാകിസ്ഥാൻ ആർമി ചീഫ് ജനറല്‍ അസിം മുനീർ മുതിർന്ന ഷിയാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അല്ലാമ ഷിഫ നജാഫി, അല്ലാമ നസീർ അബ്ബാസ് തഖ്‌വി എന്നിവരുള്‍പ്പെടെ പാകിസ്ഥാനിലെ നിരവധി ഷിയാ ഇസ്ലാമിക പണ്ഡിതർ യോഗത്തില്‍ പങ്കെടുത്തു.

Advertisements

പാക് ഫീല്‍ഡ് മാർഷല്‍ ഷിയാകളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി അല്ലാമ ഷിഫ നജാഫി ഒരു പൊതുയോഗത്തിലാണ് ആരോപിച്ചത്. അടച്ചിട്ട മുറിയിലെ യോഗത്തില്‍ പങ്കെടുത്തവരോട് അസിം മുനീർ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. മുഹമ്മദലി ജിന്ന ഷിയ ആയിരുന്നുവെന്നത് നിങ്ങളെ ഓർമിപ്പിക്കുന്നുവെന്നും അസിം മുനീർ പറഞ്ഞതായി അല്ലാമ ഷിഫ നജാഫി പൊതുയോഗത്തില്‍ പറഞ്ഞു. അസിം മുനീറിന്‍റെ മുന്നറിയിപ്പ് വിവാദത്തിന് തിരികൊളുത്തി.
അസിം മുനീറും ഷിയാ ഉലമ അംഗങ്ങളും തമ്മില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. മത പണ്ഡിതർക്ക് പ്രതികരിക്കാനോ ആശങ്കകള്‍ ഉന്നയിക്കാനോ അസിം മുനീർ അവസരം നല്‍കിയില്ലെന്ന് ആരോപണമുണ്ട്. സംസാരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അല്ലാമ നസീർ അബ്ബാസ് തഖ്‌വി ആരോപിച്ചു. മത പണ്ഡിതർക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി നടത്തിയ ഏകപക്ഷീയമായ യോഗത്തിന് ശേഷം, ഇഫ്താർ കഴിഞ്ഞ് ആശങ്കകള്‍ ഉന്നയിക്കാൻ പ്രത്യേക യോഗം നടത്താമെന്ന് പറഞ്ഞെങ്കിലും അസിം മുനീർ നേരത്തെ സ്ഥലംവിട്ടെന്നും ഷിയ നേതാക്കള്‍ പറയുന്നു.
പിന്നാലെ അസിം മുനീറിനെതിരെ വിമർശനവുമായി ഷിയ മുസ്ലിങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി- ‘ഈ രാജ്യത്തിനു വേണ്ടി ആരാണ് യഥാർത്ഥത്തില്‍ നിലകൊള്ളുന്നതെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം’, ‘ഇസ്രയേലിനെ അത്ര ഇഷ്ടമാണെങ്കില്‍ അസിം മുനീർ ഇസ്രയേലിലേക്ക് പൊക്കോ’ എന്നെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

Hot Topics

Related Articles