ന്യൂഡൽഹി:അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും നേർക്കുനേർ വന്നതോടെ അന്താരാഷ്ട്രതലത്തിൽ കടുത്ത സംഘർഷാവസ്ഥ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതായി ആരോപിക്കുന്ന എണ്ണക്കപ്പലിന് സംരക്ഷണം നൽകാൻ റഷ്യൻ നാവികസേനയും അത്യാധുനിക അന്തർവാഹിനിയും രംഗത്തെത്തിയതാണ് പുതിയ സംഘർഷത്തിന് കാരണമായത്.വെനസ്വേലയിൽ നിന്ന് നിയമവിരുദ്ധമായി എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ടാങ്കറാണ് വിവാദങ്ങളുടെ കേന്ദ്രത്തിൽ. ‘മാരിനേര’ എന്ന പേരിലുള്ള ഈ കപ്പൽ, ഉപരോധം ലംഘിച്ച് എണ്ണകടത്ത് നടത്തുന്ന ‘ഷാഡോ ഫ്ലീറ്റിന്റെ’ ഭാഗമാണെന്നാണ് അമേരിക്കയുടെ ആരോപണം.വെനസ്വേലയ്ക്കു സമീപം നങ്കൂരമിട്ടിരുന്ന കപ്പലിൽ കയറാൻ ശ്രമിച്ച അമേരിക്കൻ ഉദ്യോഗസ്ഥരെ കപ്പൽ ജീവനക്കാർ തടഞ്ഞതോടെ സംഭവം വഷളായി.
പിന്നാലെ കപ്പൽ അന്താരാഷ്ട്ര കപ്പൽച്ചാലിലേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷം കപ്പലിന്റെ പുറത്ത് റഷ്യൻ പതാക പെയിന്റ് ചെയ്യുകയും, മുൻപ് ഉണ്ടായിരുന്ന പേര് മാറ്റി ‘മാരിനേര’ എന്ന പേര് നൽകുകയും ചെയ്തു. യാതൊരു ഔദ്യോഗിക പരിശോധനയും നിയമപരമായ നടപടിക്രമങ്ങളും ഇല്ലാതെയായിരുന്നു ഈ മാറ്റങ്ങൾ.ഇതിന് പിന്നാലെ കപ്പലിന് സംരക്ഷണം ഉറപ്പാക്കാൻ റഷ്യ നാവികസേനയെയും മുങ്ങിക്കപ്പലിനെയും വിന്യസിച്ചു. നിലവിൽ റഷ്യയിലെ മുർമാൻസ്ക് തുറമുഖം ലക്ഷ്യമാക്കി കപ്പൽ നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടികൾ തുടരുമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. അതേസമയം, ഒരു സിവിലിയൻ കപ്പലിനെ അമേരിക്ക പിന്തുടരുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.യുക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്ക ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


